കൊളംബോ: പാമ്പുകൾ മൂലം ക്രിക്കറ്റ് മത്സരങ്ങൾ തടസപ്പെടുന്നത് അപൂർവമാണ്. എന്നാൽ ലങ്കൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ ഇതുവരെ മൂന്ന് തവണയാണ് ഗ്രൗണ്ടിൽ പാമ്പുകൾ ഇറങ്ങിയത്.
കഴിഞ്ഞ മാസം തുടങ്ങിയ ലങ്കൻ പ്രീമിയർ ലീഗിൽ പാമ്പുകൾ സ്ഥിരം സാന്നിദ്ധ്യമാകുകയാണ്. ഗാലെ ടൈറ്റൻസും ധാംബുള്ള ഓറയും തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ് കയറി. ഇതിനെ തുടർന്ന് മത്സരം താത്കാലികമായി നിർത്തി വെച്ചു.
അതിന് ശേഷം വീണ്ടും രണ്ട് തവണ കൂടി ഗ്രൗണ്ടിൽ പാമ്പ് കയറി. ജാഫ്ന കിംഗ്സും ബി-ലവ് കാൻഡിയും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും സംഭവങ്ങൾ.
മുൻ ശ്രീലങ്കൻ താരവും ബി- ലവ് കാൻഡി കളിക്കാരനുമായ ഇസിരു ഉഡാന ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു രണ്ടാം തവണ പാമ്പ് കയറിയത്. പാമ്പിനെ ആദ്യം ഉഡാന കണ്ടില്ല. അതിന്റെ അടുത്ത് എത്തിയ ശേഷമാണ് അദ്ദേഹം അപകടം തിരിച്ചറിയുന്നത്. ഉടൻ അതിന്റെ അടുത്ത് നിന്നും മാറിയ ഉഡാന നിലത്ത് കുനിഞ്ഞ് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പിന്നീട് പാമ്പിനെ ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് ഇറക്കി വിട്ട ശേഷമാണ് കളി തുടർന്നത്. എന്നാൽ കളി തീരുന്നതിന് മുൻപ് പാമ്പ് വീണ്ടുമെത്തി. ഇത്തവണ് ഗ്രൗണ്ടിലെ വയറുകൾക്കിടയിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങി. കാമറമാനും ഗ്രൗണ്ട് സ്റ്റാഫും ഇത് നോക്കി നിൽക്കുന്നത് ടിവി ദൃശ്യങ്ങളിൽ കാണാം. പാമ്പ് ഉപദ്രവമൊന്നും വരുത്താതിനാൽ മത്സരം നിർത്തിവെച്ചില്ല. മത്സരത്തിൽ ബി- ലവ് കാൻഡി എട്ട് റൺസിന് ജയിച്ചു.
Discussion about this post