പൂനെ : അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റ് എന്ന് ശരദ് പവാർ. കഴിഞ്ഞദിവസം പൂനെയിലെ വ്യവസായ പ്രമുഖൻ അതുൽ ചോർദിയയുടെ വസതിയിൽ വെച്ച് ശരദ് പവാറും അജിത് പവാറും തമ്മിൽ അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ച വലിയ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച മൂലം എൻസിപി വീണ്ടും പിളർപ്പിലേക്ക് നീങ്ങുമോ എന്നുള്ള സംശയങ്ങൾ ഉയരുകയും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
എന്നാൽ ഈ ഊഹാപോഹങ്ങൾ ശരിയല്ല എന്നാണ് ശരദ് പവാർ വാദിക്കുന്നത് . അജിത് തന്റെ മരുമകനാണ്. താൻ കുടുംബത്തിലെ മുതിർന്ന അംഗവും ആണ്. അങ്ങനെയുള്ളപ്പോൾ കുടുംബത്തിലെ ഒരംഗം മറ്റൊരു അംഗവുമായി കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് തെറ്റുള്ളത് ? എൻസിപിയുടെ ദേശീയ അധ്യക്ഷൻ എന്ന നിലയിൽ എന്റെ പാർട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ് എന്നും ശരദ് പവാർ അറിയിച്ചു.
ശരദ് പവാറും അജിത് പവാറും തമ്മിൽ അടച്ചിട്ട മുറിയിൽ നടന്ന കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ശിവസേനയുടെ ഉദ്ധവ് ബാലാസാഹെബ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഇവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് അറിയില്ലെങ്കിലും കുടുംബത്തിലുള്ളവർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ലെന്നാണ് ശരദ് പവാറിന്റെ അനന്തരവൻ രോഹിത് പവാർ വ്യക്തമാക്കിയത്.
Discussion about this post