ഫ്‌ളോറിഡ: നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 പരമ്പര സ്വന്തമാക്കി വിൻഡീസ്. 55 പന്തിൽ നിന്ന് പുറത്താകാതെ 85 റൺസ് അടിച്ചെടുത്ത ബ്രണ്ടൻ കിംഗിന്റെ മികച്ച പ്രകടനമാണ് വിൻഡീസിന് തുണയായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിരുന്നു.
61 റൺസെടുത്ത സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യൻ നിരയിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 45 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളും നാല് ഫോറുകളും പറത്തിയായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രകടനം. 27 റൺസെടുത്ത തിലക് വർമ്മയെയും ഒഴിച്ചു നിർത്തിയാൽ മറ്റാർക്കും 15 റൺസിനപ്പുറം നേടാനായില്ല. സഞ്ജു സാംസൺ 13 റൺസിന് പുറത്തായി.
ഹർദ്ദിക് പാണ്ഡ്യ 14 റൺസും ആക്‌സർ പട്ടേൽ 13 റൺസുമെടുത്തു. വിൻഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേർഡ് നാല് വിക്കറ്റുകൾ വീഴ്ത്തി. ഹൊസൈനും ജാസൺ ഹോൾഡറും രണ്ട് വിക്കറ്റുകൾ വീതം നേടി.
166 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസിനെ തളയ്ക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ക്രീസിൽ നിലയുറപ്പിച്ച ബ്രണ്ടൻ കിംഗിന് ഉറച്ച പിന്തുണ നൽകി നിക്കോളാസ് പൂരാൻ 47 റൺസെടുത്തു. കൈൽ മയേഴ്‌സിനെ 10 റൺസിന് പുറത്താക്കി ഇന്ത്യ തുടക്കത്തിൽ കളിയുടെ നിയന്ത്രണം പിടിക്കാൻ നോക്കിയെങ്കിലും നിക്കോളാസ് പൂരാൻ കൂടി ക്രീസിൽ നിലയുറപ്പിച്ചതോടെ കണക്കുകൂട്ടൽ പാളുകയായിരുന്നു. ഷായ് ഹോപ് പുറത്താകാതെ 22 റൺസുമെടുത്തു.
Discussion about this post