ആമസോൺ കാട്ടിൽ വിമാനപകടത്തിൽ അകപ്പെട്ട് പിന്നീട് നാൽപ്പതിലധികം ദിവസം അതിജീവിച്ച നാല് കുട്ടികളുടെ അതിജീവനകഥ ഏറെ അത്ഭുതത്തോടെയാണ് ലോകം കണ്ടറിഞ്ഞത്. കഠിന പ്രയ്തനത്തിന്റെയും ആത്മധൈര്യത്തിന്റെയും ഫലമാണ് നാല് കുട്ടികളുടെ അതിജീവനമെന്ന് ലോകം സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ കുട്ടികളെ സംബന്ധിച്ച ഒരു ദുഃഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്.
കുട്ടികളിൽ ഒരാളെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ടാനച്ഛൻ അറസ്റ്റിൽ ആയിരിക്കുകയാണ്. നാലു കുട്ടികളിൽ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്നയാളാണ് ലൈംഗിക ആരോപണക്കേസിൽ അറസ്റ്റിലായത്. ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. പത്ത് വയസുമുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കാട്ടിൽ നിന്ന് രക്ഷപ്പെട്ട ശേഷം കുട്ടികൾ ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു. ഇവിടുത്തെ കൗൺസിലിംഗിന് ഇടയിലാണ് കുട്ടി താൻ ലൈംഗികചൂഷണത്തിന് ഇരയായിരുന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ മാനുവൽ റനോക്ക് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.











