ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പാക് ഭീകരൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. സിമ്പാൽ സകോൽ ഗ്രാമത്തിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അതിർത്തിയിൽ പതിവ് പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയായിരുന്നു ഭീകരന്റെ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. അതിർത്തിവേലി മറികടന്ന് വരാൻ ശ്രമിക്കുന്നത് കണ്ടതോടെ ബിഎസ്എഫ് ഇയാളെ വളഞ്ഞു. എന്നാൽ പാക് ഭീകരൻ ഇത് അവഗണിച്ച് അതിർത്തി കടക്കാനുള്ള ശ്രമം തുടർന്നു. ഇതോടെ തിരിച്ച് പോകാൻ ബിഎസ്എഫ് മുന്നറിയിപ്പ് നൽകി.
തൊട്ട് പിന്നാലെ ഭീകരൻ ബിഎസ്എഫ് സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതോടെ സേനാംഗങ്ങളും ശക്തമായി പ്രതിരോധിച്ചു. ഇതിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾക്കായി രാജ്യം ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെ വൻ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും പഞ്ചാബിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ബിഎസ്എഫ് ചെറുത്തിരുന്നു. താൻ തരൺ ജില്ലയിൽ ആയിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. അന്നും പാക് ഭീകരനെ സുരക്ഷാ സേന വകവരുത്തിയിരുന്നു.
Discussion about this post