തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ എൻഎസ്എസിനോടുള്ള നിലപാട് മാറ്റി സിപിഎം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്നും. എൻഎസ്എസിനോടല്ല ആരോടും പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി വിവാദത്തിൽ പ്രതിഷേധിച്ച എൻഎസ്എസിനെ കടന്നാക്രമിച്ച സിപിഎം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നിലപാട് മയപ്പെടുത്തുകയായിരുന്നു.
പുരോഗമന പാർട്ടിയാണെങ്കിലും പുരോഗമനക്കാർ അല്ലാത്തവർക്കും വോട്ട് ഉണ്ടെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും സഭാ അദ്ധ്യക്ഷനെയും സന്ദർശിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എംവി ഗോവിന്റെ പരാമർശം.
ആരേയും ശത്രുപക്ഷത്ത് നിർത്തിയുള്ള ഒരു നിലപാടും സ്വീകരിക്കില്ല. അവർ എടുക്കുന്ന നിലപാടിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് എല്ലാ കാലത്തുമുള്ള സമീപനം.വോട്ടിന് പകരം വരം തരാം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ, വോട്ടല്ലേ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.സുകുമാരൻ നായരായാലും വെള്ളാപ്പള്ളി നടേശൻ ആയാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായമഭ്യർഥിക്കാൻ ജനാധിപത്യ മര്യാദയും അവകാശവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം, മുഖ്യമന്ത്രിയുടെ മകൾ അടക്കം ഉൾപ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായില്ല.
Discussion about this post