ന്യൂഡൽഹി : ജിഗ്യാസ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജിഗ്യാസ മത്സരപരീക്ഷയുടെ വിജയികൾക്ക് അഭിനന്ദനങ്ങൾ നേർന്നത്. 17 ഭാഷകളിലായി 10 ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിജ്ഞാന പരീക്ഷകളിലൊന്നാണ് ഇന്ത്യയിൽ നടക്കുന്ന ജിഗ്യാസ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക കാഴ്ചപ്പാടുകൾ പ്രകാരം കേന്ദ്രീയ വിദ്യാലയ സംഘടനയുമായി സഹകരിച്ച് കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) നടപ്പിലാക്കുന്ന ഒരു വിജ്ഞാന മത്സര പരീക്ഷയാണ് ജിഗ്യാസ. 2017 മുതലാണ് ഈ വിജ്ഞാന പരീക്ഷ നടത്തി വരുന്നത്. സ്‌കൂൾ വിദ്യാർത്ഥികളിലും അധ്യാപകരിലും അന്വേഷണാത്മകതയും ശാസ്ത്രീയ മനോഭാവവും വളർത്തിയെടുക്കുക എന്നതാണ് ജിഗ്യാസയുടെ ലക്ഷ്യം. ഇന്ത്യയുടെ പൗരാണിക നാഗരിക മൂല്യങ്ങൾ, സംസ്‌കാരങ്ങളുടെ പരിണാമം, സമ്പന്നമായ ഭൂതകാലവും മഹത്തായ സമാഗമവും എന്നിവയെക്കുറിച്ചുള്ള അറിവുകളിലാണ് ഈ വിജ്ഞാന പരീക്ഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യുവാക്കൾക്കിടയിൽ രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ശ്രമമാണിതെന്ന് ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. ജിഗ്യാസയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.











Discussion about this post