പട്ന : സീമാഞ്ചൽ എക്സ്പ്രസിന് നേരെ വെടിവയ്പ്പും കല്ലേറും. ബീഹാറിൽ വെച്ചാണ് സംഭവം നടന്നത്. ഡൽഹി-ഹൗറ പ്രധാന റെയിൽവേ ലൈനിലെ ആരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. സീമാഞ്ചൽ എക്സ്പ്രസിനു നേരെ അക്രമികൾ കല്ലെറിയുകയും വെടിയുതിർക്കുകയും ചെയ്തു. കുറഞ്ഞത് മൂന്ന് റൗണ്ടുകളെങ്കിലും വെടിവയ്പ്പ് നടന്നതായി സാക്ഷികൾ വ്യക്തമാക്കുന്നു.
ട്രെയിനിന്റെ ജനറൽ ബോഗിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിനെ തുടർന്ന് ജനറൽ ബോഗിയുടെ ചില്ല് തകർന്നു. പുലർച്ചെ 1.15 നായിരുന്നു ആക്രമണം. തുടർന്ന് ഏകദേശം 25 മിനിറ്റ് ട്രെയിൻ നിർത്തിയിടേണ്ടി വന്നു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ സ്ഥിരീകരിച്ചു.
രാത്രി വൈകിയുണ്ടായ ഈ സംഭവം യാത്രക്കാരിൽ ഏറെ നേരം പരിഭ്രാന്തി പരത്തി. ആരയ്ക്കടുത്തുള്ള ജാമിറ ഹാൾട്ടിന് സമീപത്തേക്ക് എത്തുന്ന സമയത്ത് ആയിരുന്നു ആക്രമണം. സംഭവം നടന്നതിന് പിന്നാലെ തന്നെ ആർപിഎഫും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.










Discussion about this post