സന്ദീപ് ദാസ്
‘കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുക” എന്ന പഴമൊഴി പ്രസിദ്ധമാണ്. അതാണ് സഞ്ജു സാംസൺ അജിത് അഗാർക്കറിനോട് ചെയ്തിട്ടുള്ളത്. ടി-20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയതിനുശേഷം അഗാർക്കർ പറഞ്ഞു- ”ലോകത്തിലെ നമ്പർ വൺ ബാറ്റർ എന്ന പദവിയിൽ വരെ എത്തിയ ആളാണ് സഞ്ജു. ലോകകപ്പിൽ സഞ്ജു ഫോം കണ്ടെത്തുമെന്ന് ആഗ്രഹിക്കുന്നു. ബാക്ക് അപ് വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഓപ്പണറായ ഇഷാൻ കിഷനെ സ്ക്വാഡിൽ അംഗമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ശുഭ്മാൻ ഗിൽ പുറത്തുപോയത്…!”
ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സഞ്ജു പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്നും ഇഷാൻ പകരക്കാരനാണെന്നും അഗാർക്കർ സൂചിപ്പിച്ചിട്ടുണ്ട്. പരിക്കുമൂലം ഗില്ലിന് വിശ്രമം നൽകി എന്നല്ല ചീഫ് സെലക്ടർ അറിയിച്ചത്. ഗിൽ ഡ്രോപ് ചെയ്യപ്പെട്ടത് തന്നെയാണ്.
നാല് മാസങ്ങൾക്കുമുമ്പ് ഇതേ അഗാർക്കർ മറ്റൊരു പത്രസമ്മേളനം നടത്തിയിരുന്നു. ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച ദിവസമായിരുന്നു അത്. അന്ന് സഞ്ജു മൂന്ന് ടി-20 സെഞ്ച്വറികളുടെ തിളക്കത്തിൽ നിൽക്കുകയായിരുന്നു. ജിതേഷ് ശർമ്മ എന്ന വിക്കറ്റ് കീപ്പർക്ക് ഇന്ത്യൻ ടീമിലെ സ്ഥിരം അംഗത്വം പോലും ഇല്ലായിരുന്നു. ആ ദിവസം അഗാർക്കർ എന്താണ് ചെയ്തത്? ടീം അംഗങ്ങളുടെ പട്ടിക വായിച്ചപ്പോൾ സഞ്ജുവിൻ്റെ പേര് ഏറ്റവും അവസാനമാണ് ഉച്ചരിച്ചത്! ജിതേഷിൻ്റെ പേര് സഞ്ജുവിന് മുമ്പ് പറയുകയും ചെയ്തു.
കാര്യങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല. ഗിൽ കളിക്കാത്തതുകൊണ്ട് മാത്രമാണ് സഞ്ജുവിന് അവസരങ്ങൾ കിട്ടിയത് എന്ന് അഗാർക്കർ തുറന്നടിച്ചു! ഒരു സെലക്ടറും സാധാരണ ഗതിയിൽ പറയാത്ത തരത്തിലുള്ള നെറികെട്ട വർത്തമാനം. പിന്നീട് സഞ്ജുവിന് വീഴ്ച്ചകളുടെ കാലമായിരുന്നു. ആദ്യം ഓപ്പണിങ്ങ് സ്ഥാനം കൈമോശം വന്നു. പിന്നീട് ടീമിൽനിന്നുതന്നെ ഇറക്കിവിട്ടു. ഗിൽ ഓപ്പണറായി. ജിതേഷ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞു. എന്നിട്ട് ഇപ്പോൾ എന്താണ് സംഭവിച്ചത്? ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ ഗില്ലും ജിതേഷും ടീമിൽ ഇല്ല. അഗാർക്കർ സഞ്ജുവിനെ വാതോരാതെ പ്രശംസിക്കുന്നു. ഇതിനേക്കാൾ വലിയ കൊല മാസ് രംഗം സിനിമയിൽ പോലും കാണാനാവില്ല.
ലോകകപ്പ് തുടങ്ങുന്നതിനുമുമ്പ് തന്നെ സഞ്ജു ഒരു ഹീറോ ആയിക്കഴിഞ്ഞു. പരാജിതൻ്റെ ശരീരഭാഷയോടെ മാദ്ധ്യമങ്ങൾക്കുമുമ്പിൽ ഇരിക്കേണ്ടിവന്ന അഗാർക്കർ സഞ്ജുവിൻ്റെ ഹീറോയിസത്തിൻ്റെ സാക്ഷ്യപ്പെടുത്തലാണ്. ബൈബിളിൽ ഒരു വചനമുണ്ട്- ”നീ കഴുകനെപ്പോലെ ഉയർന്നുപറന്നാലും നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും അവിടെനിന്നെല്ലാം നിന്നെ ഞാൻ താഴെയിറക്കും…!! ബലിഷ്ഠകായനും ഉഗ്രപ്രതാപിയുമായ സാംസൺ അഗാർക്കറിനെ അഹങ്കാരത്തിൻ്റെ ചില്ലുമേടയിൽ നിന്ന് താഴെയിറക്കിയിരിക്കുന്നു. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? സഞ്ജുവിനുമേൽ ബി.സി.സി.ഐ പ്രതിഷ്ഠിക്കാൻ ശ്രമിച്ച ഒരാൾക്കും ശോഭനമായ ഭാവി ഉണ്ടായിട്ടില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസതുല്യമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ആളാണ് ഋഷഭ് പന്ത്. അയാളെ തല്ലിപ്പഴുപ്പിച്ച് ടി-20 സൂപ്പർസ്റ്റാർ ആക്കിയെടുക്കാനും സഞ്ജുവിനെ ഒതുക്കാനും സെലക്ടർമാർ പരമാവധി പരിശ്രമിച്ചു. ഇപ്പോൾ പന്ത് ടി-20 ടീമിൻ്റെ റഡാറിൽ പോലും ഇല്ലാതായി.
സൂര്യകുമാർ യാദവ് ഒരുകാലത്ത് ടി-20 ക്രിക്കറ്റിലെ രാജാവായിരുന്നു. അതിൻ്റെ പേരിൽ സൂര്യയെ ഏകദിന ടീമിലേയ്ക്ക് നൂലിൽ കെട്ടിയിറക്കി. അന്നും സഞ്ജുവാണ് ബലി കൊടുക്കപ്പെട്ടത്. അവസാനം സൂര്യ ഏകദിന ടീമിൽ നിന്ന് തഴയപ്പെട്ടു. അവസാനത്തെ ഇരയാണ് ഗിൽ. ടെസ്റ്റിലും ഏകദിനത്തിലും നന്നായി കളിച്ചുകൊണ്ടിരുന്ന അയാളെ അനാവശ്യമായി ടി-20 ഓപ്പണറുടെ വേഷം കെട്ടിച്ചു. ഒടുവിൽ ഗില്ലിന് തലകുനിച്ച് പടിയിറങ്ങേണ്ടിവന്നു.
ടീം ഇന്ത്യയുടെ സെലക്ടർമാരോട് ഒന്നേ പറയാനുള്ളൂ. കളിക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തിരഞ്ഞെടുക്കേണ്ടത്. അല്ലാത്തപക്ഷം ഗില്ലിനെപ്പോലുള്ള ഇരകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ബി.സി.സി.ഐ-യ്ക്ക് ഒരു സൂപ്പർസ്റ്റാറിനെ വേണം. അതുകൊണ്ടാണ് അവർ ഗില്ലിന് അനർഹമായ പിന്തുണ നൽകിയത്. എന്തുകൊണ്ടാണ് അവർ സഞ്ജുവിനെ ഒരു സൂപ്പർ സ്റ്റാർ ആയി വളർത്തിയെടുക്കാൻ ശ്രമിക്കാത്തത്? ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള യുവതാരം സഞ്ജു തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്ന സഞ്ജുവിൻ്റെ ഫോട്ടോകൾക്ക് കിട്ടുന്ന പ്രതികരണങ്ങൾ കണ്ടാൽ തന്നെ അക്കാര്യം മനസ്സിലാകും. ചെന്നൈ സൂപ്പർ കിങ്സിൽ സാക്ഷാൽ മഹേന്ദ്രസിംഗ് ധോനിയുടെ പിൻഗാമിയാവാൻ സഞ്ജു ഒരുങ്ങുകയാണ്.
ഗില്ലിന് നൽകിയ സപ്പോർട്ടിൻ്റെ നൂറിലൊരു ഭാഗം സഞ്ജുവിന് കൊടുത്താൽ മതി. ഒരു സൂപ്പർസ്റ്റാർ സ്വാഭാവികമായി ഉദയം ചെയ്യും. ഇനി വലിയ സ്വപ്നങ്ങൾ കാണാനുള്ള സമയമാണ്. ലോകകപ്പ് ഫൈനലിൽ ഇന്ത്യ കളിക്കുന്നു! വിജയം കുറിച്ചുകൊണ്ട് സഞ്ജുവിൻ്റെ സിക്സർ! ആ കാഴ്‌ച്ച കാണാനുള്ള ഭാഗ്യം നമുക്കുണ്ടാവട്ടെ. കൗതുകകരമായ ഒരു കാര്യമുണ്ട്. കുറേക്കാലമായി പുറത്തിരിക്കുന്ന സഞ്ജു ലോകകപ്പ് ടീമിൽ ഇടം നേടി. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന പലരും പുറത്ത് പോവുകയും ചെയ്തു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്- ”സെലക്ടർമാരുടെ വയറ് നിറയാൻ ബെഞ്ചിലിരിക്കുന്ന സഞ്ജു തന്നെ ധാരാളം മതി. പിന്നെങ്ങനാ സാറേ നിങ്ങൾ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ താങ്ങുന്നത്…!?”













Discussion about this post