ചണ്ഡീഗഡ് : സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഭീകരപ്രവർത്തനത്തിന് ഗൂഢാലോചന നടത്തിയ സംഘം പഞ്ചാബിൽ അറസ്റ്റിലായി. സംസ്ഥാനത്ത് കൊലപാതകങ്ങൾ നടത്താൻ ആസൂത്രണം നടത്തിയിരുന്ന അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഹർവിന്ദർ റിൻഡ, യുഎസ് ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഈ പ്രതികൾ എന്നാണ് പഞ്ചാബ് പോലീസ് അറിയിച്ചത്.
പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസിയുമായി ചേർന്ന് നടത്തിയ സംയുക്ത ദൗത്യത്തിലാണ് ഈ ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് വിദേശ നിർമ്മിത പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങൾ കൂടാതെ പ്രതികൾക്ക് അമേരിക്കയിൽ നിന്ന് സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഗൗരവ് യാദവ് അറിയിച്ചു.
കൗണ്ടർ-ഇന്റലിജൻസിന്റെ രഹസ്യാന്വേഷണ ദൗത്യത്തിലാണ് ഈ ഭീകരവാദ പ്രവർത്തകരുടെ സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പഞ്ചാബിൽ ചില കൊലപാതകങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിട്ടിരുന്നു. ഓഗസ്റ്റ് 13ന് പഞ്ചാബിൽ നിന്ന് തന്നെ മറ്റൊരു ഭീകര സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post