ബാലുമത്ത് : ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ലത്തേഹാര്‍ സില പരിഷത്ത് മുന്‍ വൈസ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് സാഹുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ബാലുമത്ത് പ്രദേശത്തെ ഡൂണ്‍ സ്‌കൂളിന് സമീപം മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമി സംഘം സാഹുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അരയ്ക്കും വയറിനും കാലിനുമേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണം. അതീവ ഗുരുതരാവസ്ഥയില്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സാഹു മരിച്ചതെന്ന് ലത്തേഹാര്‍ പോലീസ് സൂപ്രണ്ട് അഞ്ജനി അഞ്ജന്‍ പറഞ്ഞു.
പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സാഹുവിന്റെ മരണത്തില്‍ ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാണ്ടി അനുശോചനം രേഖപ്പെടുത്തി. ‘സംസഥാനം ഭരിക്കുന്ന ഹേമന്ത് സര്‍ക്കാരിന്റെ മോശം ക്രമസമാധാനപാലനം മറ്റൊരു ജീവന്‍ കൂടി അപഹരിച്ചു’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മരണവാര്‍ത്ത പുറത്ത് വന്നതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Discussion about this post