ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്ര നിമിഷമായിരുന്നുവെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരിന് മുഖ്യധാരയിലേക്ക് കടന്നുവരാനായി. കഴിഞ്ഞ നാല് വർഷങ്ങൾക്കുളളിൽ പോസിറ്റീവായ വലിയ മാറ്റങ്ങളാണ് കശ്മീരിൽ ഉണ്ടായതെന്നും മനോജ് സിൻഹ പറഞ്ഞു. എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു മനോജ് സിൻഹയുടെ വാക്കുകൾ.
രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും ചോദ്യം ചെയ്യുന്ന നിലപാടുകൾ ഒരിക്കലും അംഗീകരിക്കില്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ നൽകിയതെന്നും ലഫ്. ഗവർണർ ചൂണ്ടിക്കാട്ടി. ഇന്ന് കശ്മീരിലും കശ്മീരിന് പുറത്തേക്കുമുളള കണക്ടിവിറ്റി ഏറെ മെച്ചപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ കശ്മീർ മൂന്നാം സ്ഥാനത്താണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. ആറ് മുതൽ 20 കിലോമീറ്റർ റോഡുകളാണ് ദിവസവും കശ്മീരിൽ പൂർത്തിയാകുന്നത്.
വൈദ്യുതിയും കശ്മീരിൽ വലിയ പ്രശ്‌നമായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഊർജ്ജോത്പാദനം ഇരട്ടിയായി. എല്ലാ വീടുകളിലും പൈപ്പ് ജലം എത്തിക്കുന്നതിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പുതിയ എയിംസും കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും മെഡിക്കൽ കോളജുകളും വരാനിരിക്കുന്നു. ആരോഗ്യമേഖലയിൽ ദേശീയ ശരാശരിക്കും മുകളിലാണ് കശ്മീരിന്റെ സ്ഥാനം.
കേന്ദ്രസർക്കാരിന്റെ വ്യാവസായിക പദ്ധതി പ്രകാരം 26,000 കോടി രൂപയുടെ പദ്ധതികളാണ് കശ്മീരിൽ വരാനിരിക്കുന്നത്. 75000 കോടിയിലധികം രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നും അതിലൂടെ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മനോജ് സിൻഹ പറഞ്ഞു. വിനോദസഞ്ചാര മേഖലയ്ക്കും വലിയ പുരോഗതിയാണ് ഉണ്ടായത്.
കശ്മീരിൽ ഇന്ന് അടച്ചിടലുകൾ ഇല്ല, അതിർത്തിക്ക് അപ്പുറത്ത് നിന്നുളള വിളികൾക്ക് പ്രതികരണങ്ങളില്ല. കല്ലേറ് പോലും പഴങ്കഥയായി മാറിയെന്നും മനോജ് സിൻഹ കൂട്ടിച്ചേർത്തു. തീവ്രവാദത്തിന്റെ പേരിൽ ഏറെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിച്ചിരുന്നു. തലമുറകളാണ് ഇല്ലാതാക്കപ്പെട്ടതെന്നും മനോജ് സിൻഹ പറഞ്ഞു.
Discussion about this post