ന്യൂഡൽഹി: വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത തവണയും ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തോടെയുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന.
2024 ൽ 11 ാമത് ചെങ്കോട്ട പ്രസംഗത്തിനായി താൻ തിരികെ എത്തുമെന്ന പ്രധാനമന്ത്രിയുടെ പരമാർശം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഇപ്പോൾ തന്നെ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.അടുത്ത വർഷം വരും.ജനങ്ങളുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെങ്കിൽ അടുത്ത വർഷം തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.
Discussion about this post