ഇന്ത്യ-പാക് ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് പാക് മാധ്യമങ്ങള്‍. വലിയ മുന്നേറ്റമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
ഇരു രാജ്യങ്ങളും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ രണ്ട് വര്‍ഷത്തമായി ഒരു പുരോഗതിയുമില്ലാതിരുന്ന കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നതെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി വിഷയങ്ങളിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ സമാധാനം, സുരക്ഷ, ജമ്മു കശ്മീര്‍ വിഷയം, സാമ്പത്തിക , വാണിജ്യ സഹകരണം, തീവ്രവാദം, മനുഷ്യാവകാശപ്രശ്നങ്ങള്‍ തുടങ്ങി മുന്‍പത്തെ ചര്‍ച്ചാ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്നതാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
അവസാനം പ്രതിബന്ധങ്ങള്‍ അവസാനിച്ചു എന്നാണ് ദ എക്സ്പ്രസ്സ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്ത് ദിവസങ്ങളിലായി മൂന്ന് കൂടിക്കാഴ്ചകളിലൂടെ, ഇന്ത്യ-പാക് ബന്ധത്തിന്റെ അഴിയാക്കുരുക്ക് പൊട്ടിക്കാന്‍ കഴിഞ്ഞു. പാരീസില്‍ വെച്ചുള്ള മോദി-ഷെരീഫ് സന്ദര്‍ശനമാണ് ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലേക്കും പിന്നീട് ബാങ്കോക്കില്‍ വെച്ച് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയിലേക്കും നയിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
ദ നേഷന്‍ നല്കിയ തലക്കെട്ട് സമ്മിശ്ര വിഷയങ്ങളുടെ വിശാലചര്‍ച്ച എന്നാണ്. വിവിധ വിഷയങ്ങള്‍ ഉഭയക്ഷി ചര്‍ച്ചയുടെ ഭാഗമാകുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദ ന്യൂസ് ഇന്റര്‍നാഷണല്‍ സന്തോഷം നല്കുന്ന പരിവര്‍ത്തനം എന്ന രീതിയിലാണ് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ചര്‍ച്ചകളെ വിശേഷിപ്പിച്ചത്.
Discussion about this post