ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റഹീം യാർ ഖാൻ സ്വദേശി അക്ബർ റാമിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രദേശവാസിയായ ഫൈസൽ മുനീറിന്റെ പരാതിയിൽ ആണ് നടപടി. പ്രദേശത്ത് കട നടത്തുകയാണ് ഫൈസൽ. ഇരുചക്രവാഹനത്തിൽ കടയിൽ എത്തിയ റാം ഇസ്ലാം മതത്തെയും മുസ്ലീം വിശ്വാസികളുടെ തീർത്ഥിടാന കേന്ദ്രങ്ങളെയും അവഹേളിച്ചു സംസാരിച്ചുവെന്നാണ് പരാതി. അക്ബർ റാം മതനിന്ദ നടത്തിയെന്നതിന് തെളിവായി രണ്ട് ദൃക്‌സാക്ഷികളെയും ഇയാൾ പോലീസ് മുൻപാകെ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് പ്രദേശത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതിനിടെ മതനിന്ദയുടെ പേരിൽ റാമിനെ ആക്രമിക്കാൻ മതതീവ്രവാദികളുടെ ഒരു സംഘം സ്ഥലത്ത് എത്തിയിരുന്നു. അക്രമാസക്തരായ ഇവർക്കിടയിൽ നിന്നും വളരെ പാടുപെട്ടാണ് റാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുമ്പോഴും ജനക്കൂട്ടം റാമിനെ ആക്രമിക്കാൻ ശ്രമിച്ചു. മതതീവ്രവാദികളുടെ ആക്രമണം ഭയന്ന് റാമിന്റെ കുടുംബം മറ്റൊരു ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ മതനിന്ദ നിയമപ്രകാരവും, ക്രമസമാധാനപാലന നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post