കോട്ടയം : മിത്ത് വിവാദത്തിലൂടെ സ്പീക്കര്‍ എഎം ഷംസീര്‍ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഗണപതി ഭഗവാനെ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഒരു മത വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താറില്ലെന്നും അനില്‍ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
”ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ല. എന്നാല്‍ ഷംസീര്‍ ലോകത്തെ കോടിക്കണക്കിന് ഹിന്ദുമതവിശ്വാസികളുടെ ആരാധ്യനായ ഭഗവാന്‍ ഗണപതിയെ അവഹേളിച്ചു. ശേഷം അതിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോള്‍, അത്തരമൊരു പ്രസ്താവനയെ അപലപിക്കുന്നതിനു പകരം പിന്തുണയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. ആരെയും പ്രീണിപ്പിക്കാന്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല. അങ്ങനെയുള്ള രാഷ്ട്രീയം
ഇവിടെ വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല’, അനില്‍ ആന്റണി പറഞ്ഞു.
നരേന്ദ്ര മോദിയുടെ വീക്ഷണങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തണം. വരും നാളുകളില്‍ അത് സംഭവിക്കുക തന്നെ ചെയ്യും. കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും നിരവധി വര്‍ഷങ്ങളായി പല രീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിധരിപ്പിച്ചു വോട്ട് നേടുകയാണ്. എന്നാലിന്ന് എല്ലാവിഭാഗങ്ങളും ബിജെപിയെ തിരിച്ചറിഞ്ഞ് പാര്‍ട്ടിയോട് അടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥിക്കായി കേന്ദ്ര, സംസ്ഥാനനേതാക്കള്‍ പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post