വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ഖാലിസ്ഥാൻ അനുകൂലികൾ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷ വർദ്ധിപ്പിച്ചതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എംബസി പരിസരത്ത് വൻതോതിൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വൻതോതിൽ പോലീസ് വാഹനങ്ങളും പ്രദേശത്ത് സുരക്ഷയ്ക്കായി നിരന്നിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കിടയിൽ വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. യുകെ , ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളെ ഖാലിസ്ഥാൻ അനുകൂലികൾ മുൻപ് ആക്രമിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് യുഎസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ജൂലൈയിൽ, ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികൾ സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിടാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ എംബസിക്ക് പുറത്ത് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Discussion about this post