യുകെ: ആത്മീയ ഗുരു മൊരാരി ബാപ്പുവിന്റെ രാമായണകഥ പാരായണത്തിൽ പങ്കെടുത്ത് ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക്. കോബ്രിഡ്ജ് സർവ്വകലാശാലയിലെ ജീസസ് കോളേജിലായിരുന്നു രാമായണ പാരായണം. ജയ് ശ്രീറാം എന്ന് വിളിച്ച് പ്രധാനമന്ത്രി മൊരാരി ബാപ്പുവിന്റെ വ്യാസപീഠത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി ആയല്ല ഹിന്ദുവായാണ് താൻ രാമായണപാരായണം കേൾക്കാൻ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ മൊറാരി ബാപ്പുവിന്റെ രാമായണ പാരായണ സമയത്ത് ഇവിടെയെത്താൻ കഴിഞ്ഞത് അഭിമാനവും സന്തോഷവുമാണന്ന് അദ്ദേഹം പറഞ്ഞു.
ഞാനിവിടെ ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഒരു ഹിന്ദുവായിട്ടാണ് എത്തിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസം വളരെ വ്യക്തിപരമാണ്. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് എന്നെ നയിക്കുന്നു. പ്രധാനമന്ത്രിയാകുക എന്നത് വലിയ ബഹുമതിയാണ്, പക്ഷേ അത് എളുപ്പമുള്ള ജോലിയല്ല. എടുക്കാൻ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളുണ്ട്, കഠിനമായ തിരഞ്ഞെടുപ്പുകൾ നേരിടാൻ ഉണ്ട്. നമ്മുടെ വിശ്വാസം എനിക്ക് ധൈര്യവും ശക്തിയും നമ്മുടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാനുള്ള കരുത്തും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ദേശീയതയിലും മതപരമായ സ്വത്വത്തിലും താൻ അഭിമാനിക്കുന്നുവെന്നും ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ ചാൻസലറായിരിക്കുമ്പോൾ 11 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ദീപാവലിക്ക് ദീപങ്ങൾ കത്തിക്കുന്നത് അതിശയകരവും സവിശേഷവുമായ നിമിഷമായിരുന്നു. ബാപ്പുവിന് സമീപം ഒരു സ്വർണ ഹനുമാൻ ഉള്ളത് പോലെ, 10 ഡൗണിംഗ് സ്ട്രീറ്റിൽ എന്റെ മേശപ്പുറത്ത് ഒരു സ്വർണ ഗണപതി സന്തോഷത്തോടെ ഇരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് ഋഷി സുനക് പറഞ്ഞു.
ശ്രീരാമൻ തനിക്ക് എന്നും ഒരു പ്രചോദനം ആയിരിക്കുമെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞു. രാമായണത്തെ മാത്രമല്ല, ഭഗവദ് ഗീതയും ഹനുമാൻ ചാലിസയും ഓർത്താണ് ഞാൻ ഇന്ന് ഇവിടെ നിന്ന് പോകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും വിനയത്തോടെ ഭരിക്കാനും നിസ്വാർത്ഥമായി പ്രവർത്തിക്കാനും ശ്രീരാമൻ എപ്പോഴും പ്രചോദനാത്മക വ്യക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോമനാഥിൽ നിന്നുള്ള ഒരു ശിവലിംഗം ബാപ്പു അദ്ദേഹത്തിന് സമ്മാനിച്ചു.
Discussion about this post