ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 907 പോയിന്റോടെയാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തിയത്. പാകിസ്താൻ ഓപ്പണർ മൊഹമ്മദ് റിസ് വാൻ ആണ് രണ്ടാം സ്ഥാനത്ത്. 811 പോയിന്റാണ് റിസ് വാനുളളത്. പാകിസ്താൻ താരം ബാബർ അസം 756 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്.
ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ 43 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25 ാം റാങ്കിലെത്തി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പര നിർണായക മത്സരത്തിൽ ഇന്ത്യ കൈവിട്ടതിന് പിന്നാലെയാണ് റാങ്കിംഗ് പട്ടിക പുറത്തുവന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ 102 റൺസ് ഗിൽ നേടിയിരുന്നു. നാലാം ട്വന്റി 20 യിൽ 77 റൺസും താരം നേടിയിരുന്നു.
കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണ് ശുഭ്മാൻ ഗിൽ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 30 ാം റാങ്കിലെത്തിയതായിരുന്നു ഇതിന് മുൻപുളള ഏറ്റവും മികച്ച സ്ഥാനം. ഇന്ത്യയുമായുളള പരമ്പരയിൽ അവസാന മത്സരത്തിന്റെ വിജയശിൽപിയായ വിൻഡീസ് താരം ബ്രൻഡൻ കിംഗ് റാങ്കിംഗിൽ 13 ാം സ്ഥാനത്തെത്തി. നേരത്തെ പതിനെട്ടാം സ്ഥാനത്തായിരുന്നു കിംഗ്.
പരമ്പരയിലെ അവസാന മത്സരത്തിൽ 55 പന്തിൽ നിന്ന് ബ്രൻഡൻ കിംഗ് അടിച്ചെടുത്ത 85 റൺസാണ് വിൻഡീസിന് പരമ്പര സമ്മാനിച്ചത്. ഇതുൾപ്പെടെ 173 റൺസ് കിംഗ് പരമ്പരയിൽ അടിച്ചെടുത്തിരുന്നു. സമീപകാലത്ത് വിൻഡീസ് ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് പരമ്പരയിൽ ദൃശ്യമായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-2 നാണ് വിൻഡീസ് വിജയിച്ചത്.
ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവും റാങ്കിംഗിൽ 28 ലെത്തി. 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് കുൽദീപിന്റെ മുന്നേറ്റം.
Discussion about this post