ഡല്‍ഹി: കേന്ദ്രം അനുവദിച്ച 1000 കോടി രൂപയുടെ പാക്കേജ് കേരളം കാത്തിരുന്ന ഫാക്ട് പുനരുദ്ധാരണത്തിന് ഉണര്‍വേകും. പാക്കേജ് ഉപാധികളോടെ ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പം നീക്കുമെന്നും ഫാക്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കില്ലെന്നും കേന്ദ്ര രാസവളം വകുപ്പ് മന്ത്രി അനന്ദ് കുമാര്‍ മുഖമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഉറപ്പ് നല്കി.
ഫാക്ട് ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് വിട്ടു നല്‍കില്ലെന്ന കാര്യത്തില്‍ പിന്നോട്ട് പോകില്ലെന്നും ഇക്കാര്യത്തില്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് അനന്ത് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.സി ജോസഫ്. വി.എസ് ശിവകുമാര്‍ തുടങ്ങിയവരും മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
ഭൂമിയുടെ സ്വതന്ത്ര അവകാശം കേന്ദ്രത്തിന് നല്‍കണമെന്ന ഉപാധിയോടെയാകും ഫാക്ടിന് പുനരുദ്ധാരണ പാക്കേജ് അനുവദിക്കുക. കേന്ദ്ര ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കും.
Discussion about this post