ന്യൂഡൽഹി : പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുണ്ട് രാഹുൽ ഗാന്ധിക്കുണ്ടെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇന്ത്യയെക്കുറിച്ച് മികച്ച കാഴ്ചപ്പാടാണ് അദ്ദേഹത്തിനുളളത്. രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരേക്കാൾ അർഹത രാഹുലിന് ഉണ്ടെന്നാണ് മെഹബൂബയുടെ വാദം.
ഇന്ത്യ എന്ന ആശയം എങ്ങനെ സംരക്ഷിക്കാം എന്നതാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. മഹാത്മാഗാന്ധി തന്റെ ജീവൻ ബലിയർപ്പിച്ചതും, രാഹുലിന്റെ മുത്തച്ഛൻ ജയിലിൽ പോയതും, മുത്തശ്ശിയും അച്ഛനും ജീവൻ നൽകിയതും ഇതിന് വേണ്ടിയാണ്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ഒരു പ്രധാനമന്ത്രിക്ക് നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ അതിൽ കൂടുതൽ എന്താണ് വേണ്ടത് എന്ന് മെഹബൂബ മുഫ്തി ചോദിച്ചു.
ഇപ്പോൾ രാജ്യം ഭരിക്കുന്നവരേക്കാൾ മികച്ച കാഴ്ചപ്പാട് രാഹുലിനുണ്ട്. രാഹുൽ വിദ്യാസമ്പന്നനും എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാവുന്നവനുമാണെന്നും മെഹബൂബ പറഞ്ഞു.
ഐഎൻഡിഐഎ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിരവധി പേർക്ക് സാധിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരെല്ലാം യോഗ്യരാണെന്നും മെഹബൂബ കൂട്ടിച്ചേർത്തു.








