മലപ്പുറം : സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ് ഐക്ക് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റം. തിരൂർ പോലീസ് സ്റ്റേഷനിൽവെച്ച് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ മുഖത്തടിച്ച സംഭവത്തിലാണ് എസ്ഐയെ സ്ഥലംമാറ്റിയത് . തിരൂർ സ്റ്റേഷനിലെ പ്രോബേഷൻ എസ്ഐ കെവി വിപിനെയാണ് അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്. സംഭവം നടന്ന് അര മണിക്കൂറിനുള്ളിൽ തന്നെ എസ്ഐയെ എആർ ക്യാമ്പിലേയ്‌ക്ക് സ്ഥലം മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ ഒരു കേസുമായി ബന്ധപ്പെട്ട് നൗഷാദ് നെല്ലാഞ്ചേരിയുടെ വാർഡിലെ മത്സ്യത്തൊഴിലാളിയോട് എസ്ഐ വിപിൻ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾക്ക് മറ്റൊരു സമയം അനുവദിക്കണമെന്ന് നൗഷാദ് നെല്ലാഞ്ചേരി എസ്ഐയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എസ്ഐ ഈ ആവശ്യത്തിന് വഴങ്ങാത്തതിനാൽ ഇരുവരും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് നൗഷാദ് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നത്.
തുടർന്ന് പോലീസ് സ്റ്റേഷനിൽ വച്ചും നൗഷാദും എസ്ഐ വിപിനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ എസ് ഐ മുഖത്ത് അടിച്ചു എന്നാണ് നൗഷാദിന്റെ ആരോപണം. എസ് ഐ നൗഷാദിനെ കോളറിൽ പിടിച്ചു പുറത്തേക്ക് തള്ളുകയും ചെയ്തു എന്ന് പറയുന്നു. സംഭവം അറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയനും തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ സൈനുദ്ദീനും സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവി എസ്ഐക്കെതിരെ നടപടി എടുക്കാം എന്ന് ഇവർക്ക് നേരിട്ട് ഉറപ്പു നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് അരമണിക്കൂറിനുള്ളിൽ തന്നെ എസ്ഐ വിപിന് സ്ഥലംമാറ്റം നൽകുന്നത്.
Discussion about this post