കൊല്ലം : നടൻ മമ്മൂട്ടിയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന് തുറന്നുപറഞ്ഞ് നടനും പത്തനാപുരം എംഎൽഎയുമായി കെബി ഗണേഷ് കുമാർ. മമ്മൂക്ക തന്റെ റോൾ മോഡൽ ആണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും ഗണേഷ്‌കുമാർ പറഞ്ഞു. മമ്മൂക്കയുടെ ഇഷ്ടക്കേടിന് കാരണം എന്താണെന്ന് അറിയില്ലെന്നും എംഎൽഎ പറയുന്നു.
മമ്മൂക്കയുമായി നല്ല ബന്ധമാണ് തനിക്ക് ഉള്ളത്. പക്ഷേ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. 20 വർഷമായി ഒന്നിച്ച് അഭിനയിച്ചിട്ടില്ല. അവസാനം ഒന്നിച്ചെത്തിയ ചിത്രം കിംഗ് ആണ്. പക്ഷേ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
”അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. അപ്പോഴൊക്കെ വളരെ ലോഹ്യമാണ്, സംസാരിക്കാറുണ്ട്. അദ്ദേഹത്തെ ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസ്സ് ഉള്ളപ്പോഴാണ്. അന്ന് ഞാൻ സിനിമയിൽ ഇല്ല, കോളേജ് വിദ്യാർത്ഥിയാണ്. അന്ന് അദ്ദേഹത്തെ പരിചയപ്പെട്ടു. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുത്തിട്ടുണ്ടെങ്കിലും പുള്ളിക്ക് എന്തുകൊണ്ടോ ഒരു വിരോധം പോലെയുണ്ട്. ഇതുവരെ കാര്യം മനസിലായിട്ടില്ല” ഗണേഷ്‌കുമാർ പറഞ്ഞു.












