ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാകിസ്ഥാൻ വംശജനുമായ കനേഡിയൻ വ്യവസായി തഹാവുർ റാണ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് യുഎസ് കോടതി തള്ളി. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യുഎസ് സർക്കാരിന്റെ അഭ്യർത്ഥന നേരത്തെ യുഎസ് കോടതി അംഗീകരിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ വർഷം ജൂണിൽ റാണ “റിട്ട് ഓഫ് ഹേബിയസ് കോർപ്പസ്” ഫയൽ ചെയ്തിരുന്നത്.
രണ്ട് അടിസ്ഥാനവാദങ്ങൾ ആയിരുന്നു കോടതിയിൽ റാണ ഉന്നയിച്ചിരുന്നത്. ഒന്നാമതായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതിയിൽ കുറ്റാരോപിതനാകുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അതേ പ്രവൃത്തികൾക്കാണ് ഇന്ത്യ അദ്ദേഹത്തെ വീണ്ടും വിചാരണ ചെയ്യാൻ പദ്ധതിയിടുന്നത്. രണ്ടാമതായി, വിചാരണ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന കുറ്റകൃത്യങ്ങൾ റാണ ചെയ്തതായി വിശ്വസനീയമായ കാരണങ്ങൾ സർക്കാർ സ്ഥാപിച്ചിട്ടില്ല . റാണയുടെ രണ്ടു വാദങ്ങളും ജഡ്ജി ഫിഷർ നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് നിഷേധിക്കണമെന്ന് ബൈഡൻ ഭരണകൂടം യുഎസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിനെതിരെ റാണ ഒമ്പതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്. തന്റെ അപ്പീൽ പരിഗണിക്കുന്നത് വരെ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് റാണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












