നെടുമങ്ങാട്; സാധനങ്ങൾ വാങ്ങാൻ രാവിലെ മുതൽ ജനങ്ങൾ ക്യൂവിൽ ഇടംപിടിച്ചെങ്കിലും പത്ത് മണി കഴിഞ്ഞും തുറക്കാതെ സപ്ലൈകോ ബസാർ. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ സ്വന്തം മണ്ഡലത്തിലാണ് ഈ സ്ഥിതി. ഓണക്കാലമായിട്ടും സംസ്ഥാനത്തെ സപ്ലൈകോ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ ജനങ്ങളോട് ചെയ്യുന്ന അനീതി മന്ത്രി നേരിട്ടെത്തി കണ്ട് ബോധ്യപ്പെടുകയും ചെയ്തു.
നെടുമങ്ങാട് ഓണപ്പരിപാടിയുടെ അവലോകനത്തിന് എത്തിയപ്പോഴാണ് മന്ത്രി ജനങ്ങളുടെ ദുരിതം നേരിട്ടെത്തി കണ്ടത്. മന്ത്രി എത്തിയപ്പോൾ തന്നെ അൻപതോളം പേർ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. വീട്ടമ്മമാരായിരുന്നു അധികവും. ജീവനക്കാർ അപ്പോഴും എത്തിയിരുന്നില്ല.
ഒടുവിൽ സപ്ലൈകോയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. പരാതികൾ പരിഹരിക്കേണ്ടത് ജീവനക്കാരാണ്. അവർ തന്നെ ഇങ്ങനെ കാണിച്ചാൽ എന്താകുമെന്ന്് മന്ത്രി ചോദിച്ചു. ഓണക്കാലമായിട്ട് താൽപര്യപൂർവ്വം കാര്യങ്ങൾ ചെയ്യേണ്ടവർ തന്നെ ഇങ്ങനെ വീഴ്ച വരുത്തരുത്. താൻ വരുമ്പോൾ അറുപതോളം പേർ ക്യൂ നിൽക്കുന്നുണ്ടായിരുന്നുവെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
പിന്നീട് മന്ത്രിയുടെ മുൻപിൽ വെച്ചു തന്നെ ജീവനക്കാരെത്തി ഷട്ടർ തുറന്നു. സംഭവത്തിൽ ജീവനക്കാരോടും മന്ത്രി നേരിട്ട് വിശദീകരണം തേടി. സംസ്ഥാനത്തെ സപ്ലൈകോ ബസാറിൽ സാധനങ്ങൾ ഇല്ലാത്തത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇതിനിടയിലാണ് സമയത്തിന് കടകൾ തുറക്കാതെയും ജീവനക്കാർ ജനങ്ങളെ വലയ്ക്കുന്നത്.
Discussion about this post