ജയ്പൂർ: എൻട്രൻസ് കോച്ചിങ് സെന്ററുകൾക്ക് പേര് കേട്ട സ്ഥലമാണ് രാജസ്ഥാനിലെ കോട്ട. എന്നാൽ അടുത്തിടെയായി ഇവിടെ മാനസികസമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കൂടി. ഈ വർഷം മാത്രം 20 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ഇതിന് പരിഹാരം കൗൺസിലിങ്ങോ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള ചികിത്സയോ ആണെന്ന് മനസിലാക്കാൻ പോലും ശ്രമിക്കാതെ അതികൃതർ കണ്ടെത്തിയ മാർഗം ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്.
വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ പ്രവണയ വർധിച്ചുവരുന്നത് തടയാൻ ഹോസ്റ്റലുകളിലും പിജി (പേയിംഗ് ഗസ്റ്റ്) മുറികളിലുമെല്ലാം സ്പ്രിംഗ് എഫക്ടുള്ള സീലിംഗ് ഫാൻ പിടിപ്പിച്ചിരിക്കുകയാണ് അധികൃതർ. ഭാരമെന്തെങ്കിലും വന്നാൽ ഫാൻ താഴേക്ക് തൂങ്ങുമെന്നതാണ് ഇതിൻറെ പ്രത്യേകത. ഇതോടെ ഫാനിൽ തൂങ്ങിമരിക്കാനുള്ള ശ്രമങ്ങൾ ഇല്ലാതാക്കുകയണ് അധികൃതരുടെ ലക്ഷ്യം. സ്പ്രിങ് ഘടിപ്പിച്ച ഫാനിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്കു വലിഞ്ഞുനിൽക്കുന്ന തരത്തിലാണു സംവിധാനം.
‘വിദ്യാർഥികൾക്കു പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണയും സുരക്ഷയും വർധിപ്പിക്കേണ്ടതുണ്ട്. കോട്ട നഗരത്തിലെ എല്ലാ ഹോസ്റ്റലുകളിലെയും പിജി കേന്ദ്രങ്ങളിലെയും മുറികളിലെല്ലാം സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കണം എന്ന് ജില്ലാ കളക്ടർ ഓം പ്രകാശം ബങ്കറും ഉത്തരവിട്ടിട്ടുണ്ട്. സ്പ്രിംഗ് എഫക്ടുള്ള ഫാനുകൾ പിടിപ്പിക്കുന്നതിൻറെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.
മത്സരപരീക്ഷകളുടെ സമ്മർദ്ദം മൂലമാണ് കുട്ടികൾ ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും അവർക്ക് കൃത്യമായ പിന്തുണയും സഹകരണവുമാണ് ആവശ്യമെന്നും നിരവധി പേരാണ് ചൂണ്ടിക്കാണിക്കുന്നത്. അപക്വമായ തീരുമാനം എന്ന് പലരും കുറ്റപ്പെടുത്തി കഴിഞ്ഞു.












