കൊച്ചി: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലാരംഭിക്കുന്ന നില്പ് സമരത്തിന്റെ രണ്ടാം ഘട്ടത്തില്‍ സര്‍ക്കാരുകളുടെ മതവിവേചനം പ്രധാന വിഷയമാകും. ഗോത്ര മഹാസഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ആദിവാസി ഊരു വികസന മുന്നണിയാണ് സര്‍ക്കാരിന്റെ മതവിവേചന നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
വെള്ളാപ്പള്ളി നടേശന്റെ വാദമുഖങ്ങളെ ശരിവെക്കുന്ന ഊരു വികസന മുന്നണി മാറാട്, കിള്ളിയില്‍ വര്‍ഗ്ഗീയ കലാപങ്ങളും, മുത്തങ്ങ സമരവും ചൂണ്ടിക്കാട്ടിയാണ് മതവിവേചനവാദം ഉയര്‍ത്തുന്നത്. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കിയവര്‍ക്ക് പോലും ലക്ഷങ്ങള്‍ നഷ്ട പരിഹാരം നല്കിയ സര്‍ക്കാരുകള്‍ മുത്തങ്ങയിലെ ആദിവാസികളെ അവഗണിച്ചുവെന്നും ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന് പറഞ്ഞു.
കേരളത്തിലെ മുന്നണികള്‍ സാമുദായിക സംഘടനകളുടെ ചെരുപ്പു നക്കികളെന്ന് ഗീതാനന്ദന് പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉയര്‍ത്തിയ ഇരട്ടനീതി എന്ന വാദത്തെ പാര്‍ട്ടി നേതാക്കള്‍ ശരിവെച്ചു.
ജനുവരി ഒന്നിനാരംഭിക്കുന്ന നില്‍പ്പ് സമരം രണ്ടാംഘട്ടത്തിലും മതവിവേചനം തന്നെയാണ് പാര്‍ട്ടി പ്രധാനമായും ഉന്നയിക്കുക. വെള്ളാപ്പള്ളിയ്ക്ക് പിറകെ ഗോത്രമഹാസഭ രൂപീകരിച്ച ആദിവാസി ഊരു വികസന മുന്നണിയും പരസ്യമായി സാമുദായിക പ്രീണന വാദമുയര്‍ത്തുന്ന പുതിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ നിലപാട് ശ്രദ്ധേയമാവും.
അതേസമയം തങ്ങള്‍ ഒരു ബദല്‍ മുന്നണിയായി നിലനില്‍ക്കുമെന്നാണ് ഗോത്രമഹാസഭ പറയുന്നത്.
Discussion about this post