തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യക്തി ആരാധന വളരെ ദോഷകരമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മന:ശാസ്ത്രം മനസിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തി ആരാധന സ്റ്റാലിന്റെ കാലത്ത് നമ്മൾ കണ്ടതാണ്. മാർകിസ്റ്റ് പാർട്ടി സ്റ്റാലിനെയും സ്റ്റാലിനിസത്തെയും വിമർശിക്കുന്നില്ലെങ്കിൽ, വ്യക്തി ആരാധന പല രൂപങ്ങളിൽ അപകടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കേരളത്തിൽ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം പോലും ഒരു പാർട്ടിയെ അഹങ്കാരിയാക്കുകയും മൂന്ന് ടേം നശിപ്പിക്കുകയും ചെയ്യും. വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സർക്കാരിന് ബംഗാളിൽ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കിൽ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാർത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ സ്വാഭവികമായും പാർട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.












