ഹൈദരാബാദ് : ഹൈദരാബാദിലെ ചന്ദനഗറിലെ ഭെല്ലിൽ എട്ടുവയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വാഹനം അപകടത്തിൽപ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഹൈദരാബാദിൽ ഭെല്ലിലെ ജ്യോതി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മോക്ഷഗ്ന ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുന്നതിനാൽ കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുറച്ചുകാലമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുന്ന അച്ഛൻ ചന്ദ്രശേഖർ മൂന്ന് ദിവസത്തിലൊരിക്കൽ മകളെ കാണാൻ എത്താറുണ്ടായിരുന്നു. ശനിയാഴ്ച മകളുടെ സ്‌കൂളിലെത്തി കാറിൽ തന്നോടൊപ്പം പോകാമെന്ന് പറഞ്ഞ് ഇയാൾ കൂടെ കൂട്ടുകയായിരുന്നു. തുടർന്നാണ് ഇയാൾ കുട്ടിയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തുന്നത്.
ചന്ദ്രശേഖർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചാണ് അപകടണ്ടായത്. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാറിനുള്ളിൽ കഴുത്തിന് മുറിവേറ്റനിലയിൽ സ്കൂൾ യൂണിഫോം ധരിച്ച കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയോടുള്ള പക തീർക്കാനായി മകളെ കൊലപ്പെടുത്തിയ വിവരം ഇയാൾ വെളിപ്പെടുത്തുന്നത്.
തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Discussion about this post