ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ലക്ഷ്യത്തോട് അടുക്കുന്നു. ചരിത്ര ലാൻഡിംഗിന് മുന്നോടിയായി ചാന്ദ്രയാൻ-3 ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഐ എസ് ആർ ഒ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ(എൽ എച്ച് ഡി എ സി)യിൽ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്. സുരക്ഷിതമായ ലാൻഡിംഗ് സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന ക്യാമറ കൂടിയാണിത്. പാറക്കല്ലുകളും ആഴത്തിലുള്ള കിടങ്ങുകളും ഇല്ലാത്ത സ്ഥലമാണ് ലാൻഡിംഗിന് സുരക്ഷിതം. നാല് ചിത്രങ്ങളാണ് ഐ എസ് ആർ ഒ പുറത്തുവിട്ടത്. ബുധനാഴ്ച വൈകിട്ട് 6.04ന് ചാന്ദ്രയാൻ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ചന്ദ്രന്റെ ഭൂപ്രകൃതിയെക്കുറിച്ചും ഘടനയെക്കുറിച്ചും വിലപ്പെട്ട വിവരവങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ ചിത്രങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് സഹായകമാകുമെന്നുറപ്പാണ്. അതിനിടെ ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ചന്ദ്രയാൻ-3.
അതേസമയം റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 ചന്ദ്രനിൽ തകർന്നുവീണു. 47 വർഷത്തെ കാത്തിരിപ്പാണ് ഇതോടെ വിഫലമായത്.
Discussion about this post