ന്യൂഡല്‍ഹി: ലിബിയയിലെ ട്രിപ്പോളി ജയിലില്‍ നിന്ന് മോചിതരായ 17 ഇന്ത്യക്കാരുടെ സംഘം ഞായറാഴ്ച രാത്രി ഡല്‍ഹിയിലെത്തി. ആറു മാസത്തെ നരകയാതനകള്‍ക്ക് ശേഷം സ്വന്തം നാട്ടിലെത്തി മാതാപിതാക്കളെ കണ്ടപ്പോള്‍ പലര്‍ക്കും കണ്ണീരടക്കാനായില്ല. നഷ്ടപ്പെട്ടു എന്ന് കരുതിയ മക്കള്‍ തിരികെയെത്തിയപ്പോള്‍ രക്ഷിതാക്കളും കണ്ണ്‌നീര്‍ വാര്‍ത്ത് അവരെ ചേര്‍ത്ത് പിടിച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്നലെ രാത്രി ഡല്‍ഹി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
ഇറ്റലിയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ട് രാജ്യം വിട്ടവരാണ് 17 യുവാക്കളും. വ്യാജ ട്രാവല്‍ ഏജന്റുമാരാല്‍ പറ്റിക്കപ്പെട്ട ഇവര്‍ ലിബിയയില്‍ കുടുങ്ങുകയും പിന്നീട് അവിടെ ജയിലിലാകുകയുമായിരുന്നു. ഇവരില്‍ പലരേയും അടിമകളാക്കി വില്‍ക്കാനും ട്രാവല്‍ ഏജന്റുമാര്‍ ശ്രമിച്ചു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പറ്റിക്കപ്പെട്ട ചെറുപ്പക്കാര്‍. ഇവര്‍ക്ക് ലിബിയയിലും ഇറ്റലിയിലുമടക്കം മികച്ച തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് ഏജന്റുമാര്‍ പറ്റിച്ചത്. വിദേശരാജ്യത്തെ ജോലി സ്വപ്നം കണ്ട് 13 ലക്ഷം രൂപ വീതമാണ് ഓരോരുത്തരും ഏജന്റിന് നല്‍കിയത്. എന്നാല്‍ ലിബിയയിലെത്തിയ ശേഷമാണ് ലഭിച്ച വര്‍ക്ക് പെര്‍മിറ്റുകള്‍ അറബിയിലാണെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെയാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ മനസ്സിലാക്കുന്നത്. പലരെയും ഇതിനോടകം അടിമകളാക്കി വിറ്റ് ഏജന്റുമാര്‍ പണം വാങ്ങിയിരുന്നു. ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ നല്‍കാതെ ഇവരെ ബന്ദികളാക്കി പണിയെടുപ്പിക്കുകയും പ്രതികരിച്ചപ്പോള്‍ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. യുവാക്കളുടെ ഫോണും പാസ്സ്‌പോര്‍ട്ടും നേരത്തെ തന്നെ ഇവര്‍ കൈക്കലാക്കിയിരുന്നു.
പിന്നീട് തടവുകാരില്‍ നിന്ന് രക്ഷപെട്ട ചെറുപ്പക്കാര്‍ ലിബിയയിലെ ഒരു ഹോട്ടലില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ രേഖകളൊന്നുമില്ലാതെ അനധികൃതമായാണ് ഇവര്‍ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ ഹോട്ടലുടമ ലിബിയയില്‍ അധികാരികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ അറസ്റ്റിലാകുകയായിരുന്നു. പിന്നീട് ഇവരെ ട്രിപ്പോളി ജയിലില്‍ തടവിലാക്കുകയും ചെയതു. ലിബിയയില്‍ ഇന്ത്യന്‍ എംബസ്സി ഇല്ലാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ സ്ങ്കീര്‍ണ്ണമാക്കിയത്.
ബന്ദികളാക്കിയ യുവാക്കളുടെ മാതാപിതാക്കള്‍ മെയ് മാസത്തില്‍ എംപി വിക്രംജിത് സിങ്ങുമായി ബന്ധപ്പെടുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പിന്നീട് ടുണീഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ മടക്കയാത്ര ഏകോപിപ്പിച്ചത്. പഞ്ചാബ് പോലീസ് നിലവില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇവരെ ചതിയില്‍പ്പെടുത്തിയ വ്യാജ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post