ബെംഗളൂരു : സംസ്ഥാനത്തെ പ്രാദേശിക റോഡുകളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് കാട്ടി കര്‍ണാടക സര്‍ക്കാരിനെതിരെ ക്യാമ്പെയിനുമായി സിറ്റിസണ്‍സ് കൂട്ടായ്മ. നിരന്തര അഭ്യര്‍ഥനകള്‍ക്ക് ശേഷവും സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ‘നോ ഡെവലപ്മെന്റ് നോ ടാക്‌സ്’ എന്ന ക്യാമ്പെയിനുമായി കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്. സിറ്റിസണ്‍സ് ഗ്രൂപ്പ് ഈസ്റ്റ് ബെംഗളൂരു എന്ന കൂട്ടായ്മയാണ് ഞായറാഴ്ച ക്യാമ്പെയിന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ബാങ്കില്‍ നിന്ന് ലോണെടുത്ത് സ്വന്തം നിലയില്‍ കുഴികള്‍ നികത്തുകയാണ് കൂട്ടായ്മ.
സ്ഥാപകനും ഗ്രൂപ്പ് അംഗവുമായ ആരിഫ് മുദ്ഗല്‍ എന്ന 32 കാരനായ ടെക്കിയാണ് പദ്ധതിക്കായി 2.7 ലക്ഷം രൂപ കടമെടുത്തത്. സര്‍ക്കാരിന്റെ അനാസ്ഥയില്‍ മനം നൊന്താണ് ആരിഫ് ബാങ്കില്‍ നിന്ന് സ്വന്തം പേരില്‍ ലോണെടുത്തത്. അടുത്തിടെ ഹോസ റോഡില്‍ നടന്ന രണ്ട് വാഹനാപകടങ്ങള്‍ നേരില്‍ കണ്ടതാണ് ഇത്തരമൊരു കാര്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആരിഫ് മുദ്ഗല്‍ അവകാശപ്പെട്ടു.
കുഴികള്‍ നികത്തുന്നതുള്‍പ്പെടെ മെച്ചപ്പെട്ട പൊതു ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള തങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ നിരാകരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് ‘നോ ഡെവലപ്മെന്റ് നോ ടാക്‌സ്’ എന്ന പേരില്‍ വസ്തുനികുതി അടയ്ക്കുന്നത് ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിന്‍ സിറ്റിസണ്‍സ് ഗ്രൂപ്പ് ഞായറാഴ്ച ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കൂട്ടായ്മയിലെ അംഗങ്ങള്‍ ഹാലനായകനഹള്ളി, മുനേശ്വര ലേ ഔട്ട്, ചൂഡസാന്ദ്ര എന്നിവിടങ്ങളിലെ 6 കിലോമീറ്റര്‍ നീളത്തിലുള്ള റോഡിലെ കുഴികള്‍ നികത്താനായി പണം സ്വരൂപിച്ചു നല്‍കിയിരുന്നു. ആരിഫിന്റെ നേതൃത്വത്തില്‍ അവിടെയുള്ള കുഴികള്‍ ഇവര്‍ സ്വയം നികത്തുകയും ചെയ്തു.
താനും സമാന ചിന്താഗതിക്കാരായ മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് സിറ്റിസണ്‍സ് ഗ്രൂപ്പ്, ഈസ്റ്റ് ബെംഗളൂരു എന്ന കൂട്ടായ്മ സ്ഥാപിച്ചതെന്ന് ആരിഫ് പറഞ്ഞു. ഗ്രൂപ്പംഗങ്ങള്‍ നല്‍കിയ പണം കൊണ്ട് തങ്ങള്‍ ചില പ്രദേശത്തെ കുഴികള്‍ നികത്തിയെന്നും എന്നാല്‍ ബാക്കി സ്ഥലത്തെ റോഡുകള്‍ ശരിയാക്കാന്‍ പണം തികയാതെ വന്നതിനാലാണ് ലോണ്‍ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെച്ചപ്പെട്ട റോഡുകള്‍, ഡ്രെയിനേജുകള്‍, മറ്റ് നാഗരിക സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് സ്ഥലത്തെ സര്‍ക്കാര്‍ പ്രതിനിധികളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടും പ്രതികരണം ഉണ്ടാകാത്തതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് മറ്റൊരു ഗ്രൂപ്പംഗമായ മിഥിലേഷ് കുമാര്‍ പറഞ്ഞു. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സ്ഥലങ്ങളില്‍ നിന്നോ ഉള്ളവരാണെന്ന് കരുതിയാണ് സര്‍ക്കാരിന്റെ അനാസ്ഥയെന്നും അവര്‍ പറയുന്നു.
‘നോ ഡെവലപ്മെന്റ് നോ ടാക്‌സ്’ എന്ന ഹാഷ്ടാഗോടെ എക്‌സിലാണ് കാമ്പെയ്ന്‍ ആരംഭിച്ചത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരിഫ് വ്യക്തമാക്കി.
Discussion about this post