ബംഗളൂരു: ചാന്ദ്രയാൻ മൂന്ന് വലിയ വിജയമായി പര്യവസാനിക്കുമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ കെ. ശിവൻ. ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഉറപ്പായും ഇതൊരു വലിയ വിജയം ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്ദ്രയാന് മൂന്നിന് പിന്നാലെ റഷ്യ വിക്ഷേപിച്ച ലൂണ- 25 ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമാകുമോയെന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യാതൊരു പ്രശ്‌നവും കൂടാതെ ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. ദൗത്യം വിജയകരമാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. എന്തിരുന്നാലും സോഫ്റ്റ് ലാൻഡിംഗ് എന്നത് സങ്കീർണമായ പ്രക്രിയ ആണ്. ഗൗരവമായി പരിഗണിക്കേണ്ട പല കാര്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാന്ദ്രയാൻ രണ്ടിൽ നിന്നും നിരവധി മാറ്റങ്ങൾ വരുത്തിയാണ് ചാന്ദ്രയാൻ മൂന്നിന്റെ നിർമ്മാണം. നിരവധി സാങ്കേതിക വിദ്യകളിലും ഉപകരണങ്ങളിലും മാറ്റം വരുത്തേണ്ടിവന്നു. ചന്ദ്രയാൻ രണ്ടിന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് ചാന്ദ്രയാൻ മൂന്ന് പൂർത്തീകരിച്ചിരിക്കുന്നത്. ചാന്ദ്രയാൻ മൂന്നിന്റെ ഭാഗങ്ങൾ എല്ലാം പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണെന്നും കെ. ശിവൻ വ്യക്തമാക്കി.
Discussion about this post