ലണ്ടൻ : നവജാത ശിശുക്കളോട് സമാനതകളില്ലാത്ത ക്രൂരത കാണിച്ച യുകെയിലെ കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഓഗസ്റ്റ് 21 തിങ്കളാഴ്ച ആയിരുന്നു 33 കാരിയായ ലൂസി ലെറ്റ്ബിയുടെ ശിക്ഷ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രിയിൽ നവജാതശിശു പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും മറ്റ് ആറ് പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവർക്ക് ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. നവജാത ശിശു വിഭാഗത്തിൽ നഴ്സായി ജോലി ചെയ്യുന്ന കാലയളവിലായിരുന്നു ഇവർ അത്യന്തം ക്രൂരമായ കൊലപാതക പരമ്പര നടത്തിയത്.
2015 ലും 2016 ലും അയാണ് ലൂസി ലെറ്റ്ബി കൊലപാതക പരമ്പര നടത്തുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ നവജാതശിശു പരിചരണ വിഭാഗത്തിൽ നഴ്സ് ആയിരുന്നു ലൂസി. ധമനികളിലൂടെ രക്തപ്രവാഹത്തിലേക്ക് വായു കുത്തിവെച്ചും നാസോഗാസ്ട്രിക് ട്യൂബുകൾ വഴി വയറിലേക്ക് വായു കടത്തിവിട്ടും മറ്റുമായിരുന്നു നഴ്സ് ആയിരുന്ന ലൂസി 7 നവജാത ശിശുക്കളെ കൊലപ്പെടുത്തിയത്. അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയുമാണ് ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്.
പതിമൂന്ന് കുഞ്ഞുങ്ങളെ ആയിരുന്നു ലൂസി തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കൊല്ലാനായി ശ്രമിച്ചത്. ഇതിൽ ആറു പേർ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ അടിക്കടി ഉണ്ടായിരുന്ന ശിശു മരണങ്ങളിൽ സംശയം തോന്നിയ നിയോനറ്റോളജിസ്റ്റ് നടത്തിയ പ്രാഥമിക അന്വേഷണങ്ങളിൽ ആണ് ലൂസി ലെറ്റ്ബിക്കെതിരെ സംശയമുന നീളുന്നത്. ഈ ശിശുക്കളുടെ മരണങ്ങൾ നടന്ന ദിവസങ്ങളിൽ എല്ലാം തന്നെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ലൂസി ആയിരുന്നു. തുടർന്ന് 2017 ൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലൂസി ലെറ്റ്ബി തന്നെയാണ് ഈ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. എന്നാൽ എന്തിനാണ് ഈ ക്രൂരകൃത്യങ്ങൾ നടപ്പിലാക്കിയത് എന്നുള്ളതിന് കൃത്യമായ കാരണം ഇതുവരെ ലൂസി വെളിപ്പെടുത്തിയിട്ടില്ല.












Discussion about this post