ചെന്നൈ; ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിന് കാത്തിരിക്കുകയാണ് ഓരോ ഭാരതീയരും. ലോകം അക്ഷമയോടെ കാത്തിരിക്കുന്ന ആ ദിനത്തിന് ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. ഓഗസ്റ്റ് 23 വൈകുന്നേരം 6 മണിയാണ് വിക്രം ലാൻഡറിന് ചന്ദ്രനിൽ കാൽ കുത്താനുള്ള ശുഭസമയം.
എന്നാൽ പ്രതികൂല സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും. കൈ മലർത്തുകയല്ല. അതിനും തങ്ങളുടെ കൈകളിൽ പോവഴിയുണ്‌ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആർഒ. ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാൻഡിങ് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ-ഐഎസ്ആർഒ ഡയറക്ടർ നിലേഷ് എം ദേശായി വ്യക്തമാക്കുന്നു. നിലവിൽ ചാന്ദ്രയാൻ 3 യുടെ ആരോഗ്യവാസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ. എല്ലാം കണക്കുകൂട്ടിയ നിലയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ലാൻഡിംഗ് സമയമായ 6:04 ന് 2 മണിക്കൂർ മുൻപ് തന്നെ ചന്ദ്രോപരിതലം സൂക്ഷ്മമായി നിരീക്ഷിക്കും. സാഹചര്യം അനുയോജ്യമെങ്കിൽ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഇറക്കാൻ ശ്രമിക്കും. അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കും. ആഗസ്റ്റ് 27ന് സോഫ്റ്റ് ലാൻഡിങ് നടത്തിയാൽ പ്രധാന സൈറ്റിൽ നിന്ന് 400-450 കിലോമീറ്റർ അകലെ, സുരക്ഷിതമായി പേടകം ചന്ദ്രനിലിറങ്ങും. ചാന്ദ്രയാൻ 2 ന് വന്ന പിഴവ് വരാതിരിക്കാനാണ് ഈ മുൻകരുതൽ.
Discussion about this post