എറണാകുളം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5420 രൂപയും പവന് 43,360 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5410 രൂപയിലും പവന് 43,280 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്.
ഓഗസ്റ്റ് മാസം അവസാനിക്കാറാവുന്നതോടെ പവന് 960 രൂപയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഓണവും വിവാഹ സീസണും എത്തിയതോടെ വിപണി സജീവമായെങ്കിലും സ്വര്‍ണത്തിന്റെ ഇന്നത്തെ വില വര്‍ദ്ധന സാധാരണക്കാരില്‍ നേരിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. വില കുറഞ്ഞിരുന്നപ്പോള്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ക്ക് അതേ വിലയില്‍ തന്നെ ആഭരണങ്ങള്‍ ലഭ്യമാകും.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഓഗസ്റ്റ് 25-ന് ജാക്സണ്‍ ഹോള്‍ ഇക്കണോമിക് പോളിസി സിമ്പോസിയത്തില്‍ നടത്തുന്ന സാമ്പത്തിക ഔട്ട്‌ലുക്കിനെക്കുറിച്ചുള്ള അവതരണം രാജ്യാന്തര സ്വര്‍ണ വിലയുടെ കാര്യത്തില്‍ നിര്‍ണായകമാണ്.
Discussion about this post