കൊച്ചി: സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, ബൈസൺവാലി,ശാന്തൻപാറ എന്നിവടങ്ങളിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണ ജോലികൾ തടയാനാണ് ഹൈക്കോടതി നിർദ്ദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്റേതാണ് നിർദ്ദേശം. നിർമ്മാണം തടയാൻ കളക്ടർക്ക് പോലീസ് സംരക്ഷണം തേടാം. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിക്കും നിർദ്ദേശം നൽകി.
നേരത്തെ തന്നെ ശാന്തൻപാറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണത്തിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും ജില്ലാ കളക്ടർ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ശുപാർശ ചെയ്ത് മൂന്ന് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ കളക്ടർ ഇതുവരെ തയ്യാറായിട്ടില്ല.
നിർമാണപ്രവർത്തനങ്ങൾക്ക് റെവന്യു വകുപ്പിന്റെ എൻ.ഒ.സി ആവശ്യമാണെന്ന് 2010-ലെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാണ്. ഈ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാൻ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ ശുപാർശ ചെയ്തത്.
ശാന്തൻപാറയിലുണ്ടായിരുന്ന പഴയ ഏരിയാ കമ്മിറ്റി ഓഫീസ് പൊളിച്ചാണ് പുതിയത് പണിയുന്നത്. നിർമാണം തുടങ്ങിയപ്പോൾ തന്നെ ശാന്തൻപാറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പട്ടയഭൂമിയിൽ വീട് നിർമിക്കാനല്ലാതെ മറ്റൊരു നിർമാണത്തിനും എൻ ഒസി ലഭിക്കില്ലെന്നാണ് ചട്ടം. സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പേരിലാണ്കെട്ടിടം. സ്റ്റോപ്പ് മെമ്മോ ലഭിച്ചതും കെട്ടിട ഉടമയായ സി വി വർഗീസിനാണ്. എന്നിട്ടും നിർമാണം നിർത്തിവച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. പട്ടം ലംഘിച്ചാൽ സ്ഥലത്തിന്റെ പട്ടം റദ്ദാക്കാം. എന്നിട്ടും റവന്യു വകുപ്പ് അനങ്ങിയില്ല. വിമർശനം ഉയർന്നിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടു പോവുകയാണ് സിപിഎം.
Discussion about this post