ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. എം പി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഫൈസലിന് എതിരായ കേസ് വീണ്ടും പരിഗണിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
അതേസമയം ഹൈക്കോടതി വിധി വരുന്നതുവരെ എംപി സ്ഥാനത്ത് തുടരാന്‍ മുഹമ്മദ് ഫൈസലിന് അനുമതി നല്‍കിയിട്ടുണ്ട്. വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി ജില്ലാ സെഷന്‍സ് കോടതി, നേരത്തെ എംപിയെ പത്ത് വര്‍ഷം തടവിന് വിധിച്ചിരുന്നു.
എന്നാല്‍ ഫൈസല്‍ എംപിയാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് കാരണമാണ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാനായത്. ഇതിനെതിരെയാണ് എതിര്‍ഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. സാധാരണ കുറ്റക്കാരോട് കാണിക്കുന്ന സമീപനമല്ല എംപിയോട് കാണിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിച്ച് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയെ നിര്‍ദ്ദേശിച്ചത്.
Discussion about this post