15 കോടി രൂപ മുതല്‍ മുടക്കിലാണ് ദി കേരള സ്‌റ്റോറിയെന്ന കൊച്ചു സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ ചിത്രം വാരി കൂട്ടിയതോ 300 കോടിയും. ഇതോടെ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്ത ഇന്ത്യന്‍ സിനിമയായി ദി കേരള സ്റ്റോറി മാറി.
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്താവുന്ന വിജയമാണ് ദി കേരള സ്റ്റോറി ഇതിനോടകം നേടി കഴിഞ്ഞത്. നിരവധി മാസ്സ് ബജറ്റ് സിനിമകളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. വമ്പന്‍ താരങ്ങള്‍ അണിനിരന്ന നിരവധി ചിത്രങ്ങള്‍ ബിഗ് സ്‌ക്രീനിലെത്തിയിട്ടും കേരള സ്റ്റോറിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഗദര്‍ 2, പത്താന്‍, ജയിലര്‍ എന്നിവയെ പിന്തള്ളിയാണ് 2023-ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രമായി മാറിയത്.
ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ പത്താന്‍, വാരിസ്, പൊന്നിയിന്‍ സെല്‍വന്‍ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളും നിലവില്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങളായ ഗദര്‍ 2, ജയിലര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവയൊക്കെ നിര്‍മ്മിച്ചതും ഉയര്‍ന്ന ബജറ്റുകളിലാണ്. അത് കൊണ്ട് തന്നെ തീയേറ്ററുകളില്‍ കോടികള്‍ വാരി കൂട്ടിയ കണക്കുകളും നിര്‍മ്മാണ ചിലവും താരതമ്യം ചെയ്ത് നോക്കില്‍ ഇവയ്‌ക്കൊന്നും വളരെ വലിയ ലാഭം എടുത്ത് പറയാനാവില്ല. അവിടെയാണ് വെറും 15 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച, വലിയ താരങ്ങളില്ലാത്ത ഒരു ചെറിയ ചിത്രത്തിന് 1500 ശതമാനത്തിലധികം ലാഭം കൊയ്യാനായത്.
2023ലെ ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ ഇന്ത്യന്‍ ചിത്രം ദി കേരള സ്റ്റോറിയാണ്. അദാ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. 15 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം, ലോകമെമ്പാടുമായി 303 കോടി രൂപ കളക്ഷന്‍ നേടി. ചിത്രത്തിന് ലഭിച്ച ഏക പ്രമോഷന്‍ ജനങ്ങളുടെ വാക്കാലുള്ള പ്രശംസയായിരുന്നു. അതിനാല്‍ തന്നെയാവണം ജന മനസ്സുകളില്‍ ചിത്രം വളരേ വേഗം സ്ഥാനം ലഭിച്ചതും. കേരള സ്റ്റോറിയുടെ ആഗോള അദായം നികുതി കൂടാതെ തന്നെ 250 കോടി രൂപയിലധികമായിരുന്നു. ആ കണക്കുകള്‍ വച്ച് നോക്കിയാല്‍ നിര്‍മ്മാണ ചെലവുകളുടെ 1500 ശതമാനം ലാഭമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുള്ളത്.
നിര്‍മ്മാണ ചിലവിന്റെയും തീയേറ്ററുകളുടെയും കളക്ഷന്‍ താരതമ്യം ചെയ്ത് കണക്കടെുത്താല്‍ ഷാരൂഖ് ഖാന്‍ നായകനായ പത്താന് ലഭിച്ചത് 240 ശതമാനം ലാഭമാണ്. നിലവില്‍ തീയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന ജയിലറിന് 115 ശതമാനവും, ഗദ്ദാറിന് 400 ശതമാനം ലാഭവുമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മറ്റ് രണ്ട് ചെറിയ ബജറ്റ് ചിത്രങ്ങളും വന്‍ കളക്ഷന്‍ നേടി വിജയിച്ചിരുന്നു. ദി കശ്മീര്‍ ഫയല്‍സും കാന്താരയുമാണ് അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങള്‍.
Discussion about this post