പാലക്കാട്: ഗണേശോത്സവത്തിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ജയ് ഗണേശ് എന്ന പുതിയ ചിത്രം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് തിയേറ്ററിലെത്തുക. രജ്ഞിത്ത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവത്തിനിടെയാണ് നടന്റെ സർപ്രൈസ് പ്രഖ്യാപനം. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അടക്കമുള്ള ‘മാളികപ്പുറം ടീമും നടി അനുശ്രീയും പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസത്തിൽ മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. ”ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകൾ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികരണം.












