തൊടുപുഴ : മാസപ്പടി വിവാദത്തില്‍ വീണ്ടും ആരോപണങ്ങളുമായി മൂവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടന്‍ രംഗത്ത്. ഇപ്പോള്‍ ചര്‍ച്ച നടക്കുന്ന 1.72 കോടി രൂപയേക്കാള്‍ വലിയ തുകകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ ഇതിനോടകം കൈപ്പറ്റിയിട്ടുണ്ട്. ഒറ്റ കമ്പനിയില്‍ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോള്‍ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴല്‍നാടന്‍ പറഞ്ഞു. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല ഇവിടുത്തെ പ്രശ്‌നമെന്ന് ആവര്‍ത്തിച്ച കുഴല്‍നാടന്‍, കരിമണല്‍ കമ്പനിയില്‍നിന്ന് അവര്‍ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
”കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തത്? കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്വെയറാണ് എക്‌സാലോജിക്കിന്റെ മുഖ്യ സേവനമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍, കരിമണല്‍ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകള്‍ക്കുള്ള സോഫ്റ്റ്വെയര്‍? വീണ ഏതൊക്കെ കമ്പനികളില്‍നിന്ന് ഈ രീതിയില്‍ പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. അതില്‍ എന്തൊക്കെ സേവനങ്ങളാണ് നല്‍കിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തത്?’, കുഴല്‍നാടന്‍ ചോദിച്ചു.
തന്റെ ആരോപണം തെറ്റാണെങ്കില്‍ അത് തുറന്ന് പറയണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോ. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴല്‍നാടന്‍ വീണ്ടുമാവര്‍ത്തിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കൊള്ളകള്‍ അറിഞ്ഞാല്‍ കേരളം ഞെട്ടും. ഈ കൊള്ള ചര്‍ച്ച ചെയ്യാതെ വിഷയം വഴിതിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
Discussion about this post