ബംഗളൂരു : രണ്ടാഴ്ചയ്ക്ക് മുൻപാണ് രാഷ്ട്രീയക്കാർ ഫ്ലക്സ് ബാനറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ അതേ ഡി കെ ശിവകുമാറിന് തന്നെ ഫ്ലക്സ് സ്ഥാപിച്ചതിന്റെ പേരിൽ അമ്പതിനായിരം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ബംഗളൂരു സിവിക് ബോഡി ആയ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (BBMP). ക്വീൻസ് റോഡിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) ഓഫീസിൽ സ്ഥാപിച്ച ഫ്ലക്സ് ബാനർ ആണ് ഡി.കെ ശിവകുമാറിന് സ്വയം തിരിച്ചടിയായത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കർണാടകയുടെ മുൻമുഖ്യമന്ത്രിയായ ഡി ദേവരാജ് ഉർസിന്റെയും ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ക്വീൻസ് റോഡിലെ കെപിസിസി ഓഫീസിൽ വലിയ ഫ്ലക്സ് ബാനർ സ്ഥാപിക്കുന്നത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ അനുമതി ഇല്ലാതെയാണ് ഈ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്. ഇതിനെ തുടർന്നാണ് കെപിസിസിയുടെ പ്രസിഡന്റ് ആയ ഡി കെ ശിവകുമാറിന് അമ്പതിനായിരം രൂപ പിഴ ചുമത്തിയിരിക്കുന്നത്. പിഴ കൂടാതെ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് അധികൃതർ നീക്കം ചെയ്യുകയും ചെയ്തു.
ബംഗളൂരു നഗരത്തിൽ അനധികൃത ഫ്ലക്സ് ബാനറുകൾ നിരോധിക്കുക എന്നുള്ളത് പുതിയ കർണാടക സർക്കാരിന്റെ തന്നെ തീരുമാനമായിരുന്നു. രണ്ടാഴ്ച മുൻപ് കർണാടക ഉപ മുഖ്യമന്ത്രി കൂടിയായ ഡി കെ ശിവകുമാർ എല്ലാ രാഷ്ട്രീയക്കാരോടും ഫ്ലക്സ് ബാനറുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ ഫ്ലക്സിന്റെ പേരിൽ പിഴ ലഭിച്ചിരിക്കുന്നത്.
Discussion about this post