ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ഇന്ന് ചാന്ദ്രസ്പർശമേൽക്കും. വൈകുന്നേരം 6:04 നാണ് സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. വൈകിട്ട് 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും.
മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക് എത്തുമ്പോഴായിരിക്കുമിത്. രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാകും റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിക്കുക. ഇതോടെ അതിവേഗം നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തും. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങും.ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് മീറ്റർ അകലയെത്തുമ്പോൾ പേടകത്തിന്റെ വേഗത പൂജ്യമാകും. സെൻസറുകളുടെയും കാമറകളുടെയും സഹായത്താൽ അപകടം തിരിച്ചറിഞ്ഞ് മറ്റൊരു സ്ഥലത്ത് ഇറങ്ങാനുമാകും.30 സെന്റീമീറ്ററിൽ അധികം വലുപ്പമുള്ള പാറകളോ ഗർത്തങ്ങളോ ഉണ്ടെങ്കിൽ മറ്റൊരിടത്ത് ഇറങ്ങാൻ വേണ്ടി അധിക ഇന്ധനവും കരുതിയിട്ടുണ്ട്.
ദൗത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. സോഫ്റ്റ് ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്. ലാൻഡർ, റോവർ എന്നിവയിലെ ഉപകരണങ്ങളും സോഫ്റ്റ്വെയർ സംവിധാനങ്ങളുമെല്ലാം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post