ന്യൂഡൽഹി; ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. മണിക്കൂറുകളെണ്ണി ചരിത്ര നിമിഷത്തിനായി കാത്തിരിക്കുമ്പോൾ സുപ്രധാന യോഗത്തിനായി പ്രധാമന്ത്രിയ്ക്ക് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കേണ്ടി വന്നു. കഴിഞ്ഞ തവണ ചാന്ദ്രയാൻ 2 ന്റെ ലാൻഡിംഗ് കാണാൻ അദ്ദേഹം ബംഗളൂരുവിൽ നേരിട്ടെത്തിയിരുന്നു. അന്നു ലാൻഡിങ് പരാജയമായപ്പോൾ പ്രധാനമന്ത്രിയും മുൻ ഐഎസ്ആർഒ മേധാവി കെ ശിവനും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ചിത്രങ്ങൾ ഇന്നും മനസിനെ പിടിച്ചുലയ്ക്കുന്നതയാണ്.
ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിൽ ആണെങ്കിലും അദ്ദേഹം അവിടെ ഇരുന്നുകൊണ്ട് ചരിത്രനിമിഷത്തിന് സാക്ഷിയാകും. ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് പ്രോഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓൺലൈനായി ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 25 കിലോമീറ്ററും കൂടിയ അകലം 134 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകം. ബുധനാഴ്ച വൈകീട്ട് 6.04-നാണ് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. പേടകത്തെ ചന്ദ്രനിലിറക്കുന്നതിനുള്ള ഒരുക്കങ്ങൾ വൈകീട്ട് 5.45-ന് ആരംഭിക്കും.
Discussion about this post