ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ISROയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ഇന്ത്യയുടെ പുതിയ യുഗത്തിന്റെ ഉദയം’ എന്നാണ് പ്രധാനമന്ത്രി ചാന്ദ്രദൗത്യത്തിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. മുമ്പ് ഒരു രാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യക്ക് ആദ്യമായി എത്താൻ കഴിഞ്ഞതിനു കാരണം ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം കൊണ്ടാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനും വ്യാഴവും ആണെന്നും പ്രധാനമന്ത്രി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലുള്ള പ്രധാനമന്ത്രി മോദി ജോഹന്നാസ്ബർഗിൽ നിന്നാണ് ഇന്ത്യയുടെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
“ഓരോ ഇന്ത്യക്കാരനും ഇന്ന് ആഘോഷിക്കുകയാണ്. എല്ലാ വീടുകളും ആഘോഷിക്കുകയാണ്. ഒരു വികസിത ഇന്ത്യയുടെ കാഹളമാണ് ഇപ്പോൾ മുഴങ്ങി കേൾക്കുന്നത്. ഈ അഭിമാന നിമിഷത്തിൽ എന്റെ രാജ്യത്തെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു. ഇന്ത്യയുടെ ഒരു പുതിയ യുഗത്തിന്റെ ഉദയമാണ് ഈ വിജയം. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളെയും കഥകളെയും ഇന്ത്യയുടെ ഈ നേട്ടം മാറ്റിമറിക്കും.” നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യ ഈ ദിനം എന്നെന്നും ഓർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ലാൻഡിംഗിന് 20 മിനിറ്റ് മുമ്പ് പരാജയപ്പെട്ടിരുന്നതിനാൽ ചാന്ദ്രയാൻ -3 ദൗത്യത്തിൽ ഐഎസ്ആർഒ ഇത്തവണ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു. അവസാന 20 മിനിറ്റ് വളരെ നിർണായകമായിരുന്നെങ്കിലും വിക്രം ലാൻഡർ ശരിയായ സമയത്തും ഉയരത്തിലും സ്വന്തം എഞ്ചിനുകൾ ജ്വലിപ്പിച്ചു കൊണ്ട് വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ആഗോളതലത്തിൽ തന്നെ നിരവധി പ്രമുഖരാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
Discussion about this post