ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം കൈവരിച്ച ഇന്ത്യക്കും ഐ എസ് ആർ ഒക്കും അഭിനന്ദന പ്രവാഹവുമായി ലോകരാജ്യങ്ങൾ. നാസ, ബ്ലൂ ഒറിജിൻ, യുകെ സ്പേസ് ഏജൻസി, റഷ്യയുടെ റോസ്കോസ്മോസ് എന്നിവർ ഐ എസ് ആർ ഒയെ അഭിനന്ദിച്ച് രംഗത്ത് വന്നു.
ചന്ദ്രയാൻ-3 സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ഐ എസ് ആർ ഒക്ക് അഭിനന്ദനങ്ങൾ. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഐ എസ് ആർ ഒയുടെ പങ്കാളി എന്ന നിലയിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു. ഐ എസ് ആർ ഒയുടെ നേട്ടം സമാനതകളില്ലാത്തതാണ്. ഇന്ത്യക്ക് അഭിമാനമാണ് ഇതെന്ന് നാസ ഡീപ് സ്പേസ് നെറ്റ്വർക്ക് വ്യക്തമാക്കി.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ചന്ദ്രയാനും ഇന്ത്യക്കും ഐ എസ് ആർ ഒക്കും അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും അഭിമാന നേട്ടമാണെന്നായിരുന്നു ബ്ലൂ ഒറിജിന്റെ പ്രതികരണം.
ഐ എസ് ആർ ഒക്കും ഇന്ത്യക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ചന്ദ്രനിൽ മനുഷ്യവാസം സാദ്ധ്യമാക്കുക എന്ന ബൃഹത്ലക്ഷ്യമാണ് ഇനി നമുക്ക് മുന്നിലുള്ളത് എന്നായിരുന്നു റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് പ്രതികരിച്ചത്.
ചരിത്രം പിറന്നു. ഐ എസ് ആർ ഒക്ക് അഭിനന്ദനങ്ങൾ എന്ന് യുകെ സ്പേസ് ഏജൻസി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ചന്ദ്രയാൻ-3ന്റെ വിക്രം ലോഞ്ചർ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രനെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ ഈ വിജയമെന്നാണ് ശാസ്ത്രലോകം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
Discussion about this post