ചന്ദ്രനിൽ വെച്ച് ചാന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിനുശേഷം ഉള്ള ഒരു പരീക്ഷണ ഘട്ടമായിരുന്നത് പ്രഗ്യാൻ റോവറിന്റെ റോളിംഗ് ആയിരുന്നു. ഒടുവിൽ ആ ദൗത്യവും ഐഎസ്ആർഒ വിജയകരമായി പൂർത്തീകരിച്ചു.
വിക്രം ലാൻഡർ ചന്ദ്രനിലേക്ക് ഇറങ്ങിയത് മൂലമുണ്ടായ പൊടിപടലങ്ങൾ അടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നതിനാൽ പ്രഗ്യാൻ റോവറിന്റെ വിക്ഷേപണത്തിന് പ്രതീക്ഷിച്ചതിലും സമയമെടുത്തു. ചന്ദ്രന്റെ ഗുരുത്വാകർഷണം ഭൂമിയിൽ നിന്നും വ്യത്യസ്തമായതിനാൽ പൊടിപടലങ്ങൾ ഉയർന്നത് പെട്ടെന്ന് മണ്ണിലേക്ക് മടങ്ങുന്നതല്ല. പൊടി അടങ്ങുന്നതിന് മുമ്പ് റോവർ പുറത്തെടുത്താൽ, അത് റോവറിലെ ക്യാമറകൾക്കും മറ്റ് സെൻസിറ്റീവ് ഉപകരണങ്ങൾക്കും കേടുവരുത്തുമെന്ന് ശാസ്ത്രജ്ഞർ ആശങ്കാകുലരായിരുന്നു. എങ്കിലും അല്പനേരത്തെ കാത്തിരിപ്പിന് ശേഷം വിജയകരമായി പ്രഗ്യാൻ റോവറിന്റെ വിക്ഷേപണം നടത്താൻ കഴിഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും ലാൻഡറിലേക്ക് ഡാറ്റ അയയ്ക്കുന്ന ജോലിയാണ് ഇനി റോവറിനുള്ളത്. തുടർന്ന് ഈ ഡാറ്റ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് കൈമാറും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതായതിനാൽ ഒരൊറ്റ ചാന്ദ്ര ദിനം മാത്രമാണ് റോവറിന് ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പരീക്ഷണങ്ങൾ നടത്താനും കഴിയുക. ചന്ദ്രനിൽ രാത്രിയാകുന്നതോടെ സൗരോർജം ഇല്ലാതായാൽ ഉപകരണത്തിന്റെ പ്രവർത്തനം അവസാനിക്കും. ഈ ചാന്ദ്ര ദിനം ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമാണ്. അതിനാൽ അടുത്ത 14 ദിവസങ്ങൾ ചന്ദ്രനിൽ നിന്നുള്ള വിവരങ്ങൾ പ്രഗ്യാൻ റോവർ വഴി ഐഎസ്ആർഒയിൽ എത്തും.
Discussion about this post