ന്യൂയോർക്ക്: ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും അമേരിക്ക. ചാന്ദ്രപര്യവേഷണ രംഗത്ത് നിർണായക നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ അടുത്ത സുഹൃത്താകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു കമലാ ഹാരിസിന്റെ പ്രശംസ.
ചാന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയതോടെ ചരിത്രമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത് എന്ന് കമലാ ഹാരിസ് വ്യക്തമാക്കി. ചാന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും എൻജിനീയർമാർക്കും ലഭിച്ച വലിയ അംഗീകാരമാണ് ഇത്. ദൗത്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താകാൻ കഴിഞ്ഞതിലും അഭിമാനം. ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ എന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.
ചാന്ദ്രയാൻ മൂന്ന് ദൗത്യം പൂർത്തിയായതിന് പിന്നാലെ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചാന്ദ്രയാൻ മൂന്ന് വിജയകരമായി ലാൻഡ് ചെയ്തതിൽ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. ഇതിലൂടെ ചാന്ദ്ര ദൗത്യം പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഈ ദൗത്യത്തിൽ പങ്ക് ചേരാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഐഎസ്ആർഒ പ്രതികരിച്ചിരുന്നു.
Discussion about this post