ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ വീണ്ടും മലയാള തിളക്കം. മികച്ച നവാഗത സംവിധായനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ സിനിമയിലൂടെ വിഷ്ണു മോഹന് ലഭിച്ചു. ഉണ്ണി മുകന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഉണ്ണി മുകന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി ആദ്യമായി നിര്‍മ്മാണം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും മേപ്പടിയാനില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അഞ്ചു കുര്യന്‍, സൈജു കുറുപ്പ് എന്നിവര്‍ മറ്റ് പ്രധാന കാഥാപാത്രങ്ങളായി എത്തി.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് മേപ്പടിയാനിലൂടെ വിഷ്ണു മോഹന്‍ വരച്ചിട്ടത്. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതുവരെ 18 ഓളം അന്താരാഷ്ട്ര ചലചിത്ര പുരസ്‌കാരങ്ങളാണ് ചിത്രത്തിനെ തേടിയെത്തിയത്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയി മേപ്പടിയാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെംഗളൂരു വച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മേപ്പടിയാന്‍ സ്വന്തമാക്കി. ദുബായ് എക്സ്പോ 2020-ല്‍ ഇന്ത്യ പവലിയനില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ദുബായ് എക്‌സ്‌പോ ഇന്ത്യ പവലിയനില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍.
പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിഷ്ണു പ്രതികരിച്ചു. ‘ഉണ്ണിയുടെ ആദ്യത്തെ പ്രൊഡക്ഷന്‍ ആയിരുന്നു മേപ്പടിയാന്‍. ചിത്രത്തിനായി ഞാനും ഉണ്ണിയും ഒരുപാട് പ്രയത്നിച്ചിരുന്നു. കൊറോണ സമയത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷം. ഉണ്ണിയുടെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായി ഇത് മാറി. ചിത്രം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അംഗീകാരമാണ് ഈ ലഭിക്കുന്നത്. ഉണ്ണിയോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട്. കൂടാതെ മേപ്പടിയാന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു’, വിഷ്ണു പറഞ്ഞു.
Discussion about this post