കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടുന്നു. കോട്ടയത്തു മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
ജനങ്ങള്‍ അഴിമതി ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞെന്നും 2021ല്‍ ഞങ്ങള്‍ വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കിയെന്നുമാണു മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത്. തുടര്‍ ഭരണം ലഭിച്ചത് കേരളം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ. വീണ്ടും അധികാരത്തില്‍ വന്നു എന്നതു കൊണ്ട് അന്വേഷണ ഏജന്‍സികളുടെയും നീതിന്യായ കോടതികളിലെ കണ്ടെത്തലുകളും ജനങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നതതെന്നും അദ്ദേഹം ചോദിച്ചു.
തേഞ്ഞൊട്ടിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് പുതുപ്പള്ളിയിലെ രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങളിലും പിണറായി സംസാരിച്ചത്. യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ട് എന്ന പച്ചക്കള്ളവും ഇവിടെ വന്ന് മുഖ്യമന്ത്രി പറഞ്ഞു. മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ ഒരക്ഷരം പറയാതെ ഗാന്ധി വധത്തെപ്പറ്റിയും സംഘപരിവാറിനെ കുറിച്ചുമാണ് പുതുപ്പള്ളിയിലേ ജനങ്ങളോട് സംസാരിച്ചത്. അവരുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘നാടു മുഴുവന്‍ കൊള്ളയടിച്ച് കുടുംബത്തിന്റെ വയറ് വീര്‍പ്പീക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉത്തരം പറയണം. സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന എ വിജയരാഘവന്റെ ഭാര്യയും ഇപ്പോഴത്തെ മന്ത്രിയുമായ ആര്‍ ബിന്ദുവിന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിക്കാരുമായി അടുത്ത ബന്ധമാണുള്ളത്. അവരുടെ തിരഞ്ഞെടുപ്പിന് ഈ തട്ടിപ്പുകാരുടെ വലിയ തരത്തിലുള്ള സഹായം ലഭിച്ചിരുന്നു. ഇപ്പോള്‍ നയമനടപടി നേരിടുന്ന എ.സി മൊയ്തീന്‍ മാത്രമല്ല ഈ കൊള്ളയ്ക്ക് ഉത്തരവാദി. രണ്ട് സിപിഎം ജില്ലാ സെക്രട്ടറിമാര്‍, കണ്ണൂര്‍കാരനായ ഉന്നതനായ സിപിഎം നേതാവ്. അവര്‍ക്കെല്ലാം 300 കോടിയുടെ അഴിമതിയില്‍ പങ്കുണ്ട്. കേസില്‍ അന്വേഷണം നേരിടുന്ന കണ്ണൂര്‍കാരനായ സതീശന്‍ ഇടതുമുന്നണി കണ്‍വീനറുടെ വേണ്ടപ്പെട്ട ആളാണ്. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം നല്‍കിയേ കഴിയൂ. അല്ലാതെ തുടര്‍ഭരണം കിട്ടി എന്നും പറഞ്ഞ് എന്തും കാണിക്കാം എന്നു കരുതി ഇരിക്കുകയല്ല വേണ്ടത്’, സുരേന്ദ്രന്‍ പറഞ്ഞു.
അംബാനിയുടെയും അദാനിയുടെയും പണമല്ല മറിച്ച് പാവപ്പെട്ടവരുടെ 300 കോടിയാണ് കൊള്ളയടിക്കപ്പെട്ടത്. കരുവന്നൂരിലെ പണം കൊള്ളയടിച്ചവര്‍ മന്ത്രിയുടെ പ്രചാരണത്തിനായി മുന്നിലുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത്. ഇതിനൊന്നും മറുപടി പറയാതെ സംഘപരിവാര്‍, ഗാന്ധിവധം എന്നിങ്ങനെയെല്ലാം പറഞ്ഞ് ആരെയാണ് മുഖ്യമന്ത്രി കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരിടത്തും യുഡിഎഫിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചില്ല. കോണ്‍ഗ്രസിനെയല്ല, ബിജെപിയയാണു മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്. അഴിമതിയാരോപണത്തെക്കുറിച്ച് അന്വേഷണങ്ങള്‍ വന്നാല്‍ കോണ്‍ഗ്രസുമായി ഒരുമിച്ചു നില്‍ക്കേണ്ടി വരുമെന്ന സൂചനയാണു മുഖ്യമന്ത്രി ഇതിലൂടെ നല്‍കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Discussion about this post